സംഭാല്‍ പള്ളി സര്‍വേ നിര്‍ത്തി വയ്ക്കണം; ഷാഹി ജുമാ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയില്‍
ലഖ്നൗ : ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേക്കെതിരെ പള്ളി കമ്മിറ്റി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പള്ളിയിലെ സര്‍വേക്കെതിരെയാണ് കമ്മിറ്റി ഹര്‍ജി നല്‍കിയത്. ഹര്‍ജി നാളെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബഞ്ച് പരിഗണിക്കും.
സര്‍വേയ്ക്ക് ഉത്തരവിട്ട പ്രാദേശിക സിവില്‍ കോടതിയുടെ നടപടി റദ്ദാക്കണം. സര്‍വേ നിര്‍ത്തി വയ്ക്കണമെന്നും ഹര്‍ജിയില്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
സിവില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയപ്പോഴാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു വിഭാഗം ആളുകളുടെ വന്‍ പ്രതിഷേധത്തെ കണ്ണീര്‍വാതകം പ്രയോഗിച്ചും ലാത്തിച്ചാര്‍ജ് നടത്തിയുമാണ് പൊലീസ് നേരിട്ടത്.
സംഘര്‍ഷാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശത്ത് ഈ മാസം 30 വരെ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി നിരോധിച്ചിരുന്നു. പുറത്തുനിന്നുള്ളവര്‍ക്കുള്ള പ്രവേശനത്തിനും നിരോധം ഏര്‍പ്പെടുത്തിയിരുന്നു. സ്‌കൂളുകള്‍ അടച്ചതായും ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു.
സംഘര്‍ഷത്തില്‍ ഇരുപതിലേറെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഒരു പൊലിസുകാരന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ 21 പേരെ കസ്റ്റഡിയില്‍ എടുത്തതായി പൊലിസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് എടക്കുമെന്ന് പൊലീസ് പറഞ്ഞു.
നയീം, ബിലാല്‍, നൗമാന്‍ എന്നീ മൂന്ന് പേരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. നാടന്‍ തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടകളേറ്റാണ് രണ്ടുപേര്‍ മരിക്കാനിടയായതെന്നും മൂന്നാമത്തെ ആളുടെ മരണകാരണം വ്യക്തമല്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ, സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ആളുകളുടെ ജീവന് അപകടമുണ്ടാക്കുന്ന ആയുധങ്ങളൊന്നും പോലീസ് ഉപയോഗിച്ചിട്ടില്ലെന്നും സംഭാല്‍ എസ്പി പറഞ്ഞു.
ഹിന്ദുക്ഷേത്രത്തിന്റെ സ്ഥാനത്താണ് പള്ളി നിര്‍മിച്ചതെന്ന അവകാശവാദത്തെ തുടര്‍ന്ന് വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മസ്ജിദില്‍ സര്‍വേ നടത്തിയിരുന്നു. ഞായറാഴ്ച മസ്ജിദിലെ രണ്ടാം സര്‍വേയ്ക്കിടെ പൊലീസ് സംഘത്തിന് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം രൂക്ഷമായത്.
പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കത്തിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതക പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തി. തുടര്‍ന്ന് ഇത് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങി. പൊലീസും സമരക്കാരും തമ്മില്‍ പല തവണ ഏറ്റുമുട്ടലുണ്ടായി.