പക്ഷിപ്പനി : തിരുവല്ലയിൽ പക്ഷികളുടെ മുട്ട – ഇറച്ചി വില്പന നിരോധിച്ചു

പത്തനംതിട്ട : പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ നിരണം – കടപ്ര – പെരിങ്ങര – പഞ്ചായത്തുകളിൽ വളർത്തു പക്ഷികളുടെ മുട്ട – ഇറച്ചി വിൽപ്പന നിരോധിച്ചു. ഇന്നുമുതൽ ഏഴു ദിവസത്തേക്കാണ് നിരോധനം. താറാവ് – കോഴി – കാട – മറ്റ് വളർത്തു പക്ഷികളുടെ ഇറച്ചി – മുട്ട എന്നിവയ്ക്കാണ് നിരോധനം
ഇത് സംബന്ധിച്ച നിർദേശം ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും നിർദേശം. കൂടുതൽ പക്ഷികളിലേക്ക് രോഗബാധ പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.
പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാൻ കർശന ജാഗ്രതാനിർദേശമാണ് നൽകിയിരിക്കുന്നത്. പ്രാദേശികതലത്തിൽ ആരോഗ്യ പ്രവർത്തകർ പൊതുജനങ്ങളെ ബോധവാന്മാരാക്കും. ഗുരുതരമായി ന്യൂമോണിയ ബാധിച്ച ആളുകളുടെ സാമ്പിളുകൾ എടുത്ത് പരിശോധിക്കാനും ആരോഗ്യ വകുപ്പ് നിർദേശം നൽകി.



