കേരളം

ശരണ മന്ത്ര മുഖരിതം; ശബരിമല മകര വിളക്ക് ഇന്ന്, പൊന്നമ്പല മേട്ടിൽ മകര ജ്യോതി ​ദർശിക്കാൻ ഭക്ത ലക്ഷങ്ങൾ

പത്തനംതിട്ട : ഭക്ത ലക്ഷങ്ങൾ പ്രർഥനാനിർഭരരായി കാത്തിരിക്കുന്ന ശബരിമല മകര വിളക്ക് ഇന്ന്. അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകീട്ട് ദേവസ്വ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി ​ദീപാരാധന.

ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പല മേട്ടിൽ മകര ജ്യോതി ദൃശ്യമാകും. ആകാശത്ത് മകര സംക്രമ നക്ഷത്രവും കാണാം. നേരിട്ട് കാണാൻ സാധിക്കുന്ന ഇടങ്ങളിലെല്ലാം ഭക്തർ നിറഞ്ഞു. രണ്ട് ദിവസമായി ദർശനത്തിനു എത്തിയ തീർഥാടകർ മലയിറങ്ങാതെ കാത്തിരിക്കുന്നു.

ഇന്ന് ഉച്ചയ്ക്ക് 12 മണി വരെയാണ് തീർഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക. ശബരിമല, പമ്പ, നിലക്കൽ എന്നിവിടങ്ങളിലായി 5000 പൊലീസുകാരെ സുരക്ഷയ്ക്ക് നിയോ​ഗിച്ചിട്ടുണ്ട്. മകര വിളയ്ക്കിനു ഇത്തവണ രണ്ട് ലക്ഷത്തോളം ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് വ്യക്തമാക്കി. നാളെ മുതൽ ഈ മാസം 17 വരെ തിരുവാഭരണ ദർശനമുണ്ടായിരിക്കും. മകര വിളക്ക് ദർശനം കഴിഞ്ഞു മടങ്ങുന്നവർക്കായി 800 കെഎസ്ആർടിസി ബസുകൾ സജ്ജമാണ്. 150 ബസുകൾ ഷട്ടിൽ സർവീസും നടത്തും.

ഇന്ന് വെർച്വൽ ക്യൂ വഴി 40,000 പേരെയും തത്സമയ ഓൺലൈൻ ബുക്കിങ് വഴി 1000 പേരെയും പ്രവേശിപ്പിക്കും. നാളെ രാവിലെ 11നു ശേഷമേ തത്സമയ ഓൺലൈൻ ബുക്കിങ് പുനരാരംഭിക്കു. നാളെ ആറ് മണിക്ക് ശേഷമേ നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുകയുള്ളു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button