പോളണ്ടിന് പിറകേ ഡെന്മാർക്കിലും നോർവേയിലും റഷ്യൻ ഡ്രോണുകൾ; ആരോപണം നിഷേധിച്ച് റഷ്യ

കോപൻഹേഗൻ : പോളണ്ട് അടക്കം രാജ്യങ്ങളുടെ വ്യോമാതിർത്തി കടന്ന് റഷ്യൻ ഡ്രോണുകൾ സഞ്ചരിച്ചെന്ന ആരോപണം നിലനിൽക്കെ ഡെന്മാർക്കിലും നോർവേയിലും ഡ്രോൺ വിവാദം. തിങ്കളാഴ്ച കോപൻഹേഗൻ വിമാനത്താവളത്തിന് മുകളിലാണ് രണ്ടോ മൂന്നോ വലിയ ഡ്രോണുകൾ എത്തിയത്.
അപായ ഭീഷണിയിലായതോടെ നാലു മണിക്കൂർ നേരം വിമാനത്താവളം അടച്ചിട്ടു. സമാനമായി, നോർവേയിൽ ഓസ്ലോ ആകാശത്തും ഡ്രോൺ കണ്ടതിനെ തുടർന്ന് ഓസ്ലോ വിമാനത്താവളം മൂന്ന് മണിക്കൂർ അടച്ചിട്ടു. മേഖലയിലെ ഏറ്റവും തിരക്കുപിടിച്ച രണ്ട് വിമാനത്താവളങ്ങൾ അടച്ചിട്ടത് പതിനായിരക്കണക്കിന് യാത്രക്കാർക്ക് കുരുക്കായി.
ഡെന്മാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കുമേൽ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമാണിതെന്ന് രാജ്യം കുറ്റപ്പെടുത്തി. പോളണ്ട്, റുമേനിയ രാജ്യങ്ങളിൽ റഷ്യൻ ഡ്രോണുകളും എസ്തോണിയയിൽ റഷ്യൻ യുദ്ധവിമാനങ്ങളും എത്തിയത് ഉയർത്തിയ ആശങ്കകൾ നിലനിൽക്കുന്നതിനാൽ എല്ലാ സാധ്യതകളും പരിശോധിച്ചുവരുകയാണെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി ഫ്രെഡറിക്സൺ പറഞ്ഞു.
എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഡെന്മാർക്കിലെ റഷ്യൻ അംബാസഡർ വ്ലാഡ്മിർ ബാർബിൻ പറഞ്ഞു.