അന്തർദേശീയം

റഷ്യ- യുക്രൈൻ വെടിനിർത്തൽ ധാരണയായില്ല; യുക്രൈന് ഭാവിയിൽ സുരക്ഷ ഉറപ്പാക്കും, ത്രികക്ഷി സമ്മേളനം നടത്തും

വാഷിങ്ടൺ ഡിസി : യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കിയുമായി നടന്ന ചർച്ച അവസാനിച്ചു. വമ്പൻ പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വഴിയൊരുങ്ങിയതായാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ അടക്കമുള്ള കാര്യങ്ങളിൽ ധാരണയായില്ല. ചർച്ച ഫലപ്രദമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും സെലൻസ്കിയുമായുള്ള ചർച്ചയ്ക്കും വഴിയൊരുങ്ങിയിട്ടുണ്ട്. ചർച്ചയുടെ വേദി പിന്നീട് തീരുമാനിക്കും. റഷ്യ- യുക്രൈൻ- യുഎസ് ത്രികക്ഷി സമ്മേളനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പുടിൻ- സെലൻസ്കി കൂടിക്കാഴ്ചയ്ക്കുള്ള തയ്യാറെടുപ്പുകൾ താൻ ആരംഭിച്ചതായും ഇക്കാര്യം പുടിനുമായി സംസാരിച്ചെന്നും ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു.

യുക്രൈന് ഭാവിയിൽ സുരക്ഷ ഉറപ്പാക്കാൻ ചർച്ചയിൽ ധാരണയായിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളും യുഎസും ഇതിൽ പങ്കുവഹിക്കും. ആദ്യം വെടി നിർത്തലാണ് വേണ്ടതെന്നു ജർമനി, ഫ്രാൻസ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ചർച്ചയ്ക്കിടെ 40 മിനിറ്റോളം പുടിനുമായി ട്രംപ് ഫോണിൽ സംസാരിച്ചു. റഷ്യ- യുക്രൈൻ നേർക്കുനേർ ചർച്ചയെന്ന ആശയത്തെ പുടിൻ അം​ഗീകരിച്ചെന്നു നേതാക്കൾ വ്യക്തമാക്കി. ഉപാധികളില്ലാത്ത ചർച്ചയ്ക്കു തയ്യാറെന്നു സെലൻസ്കിയും വ്യക്തമാക്കി.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, നാറ്റോ സെക്രട്ടറി ജമനറൽ മാർക്ക് റുട്ടെ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ അടക്കമുള്ള നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു. സമാധാനത്തിലേക്കുള്ള ചുവടുവയ്പ്പെന്നാണ് ചർച്ചയെ യൂറോപ്യൻ നേതാക്കൾ വിശേഷിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button