യുക്രെയ്ൻ നാവികസേനയുടെ നിരീക്ഷണ കപ്പലായ സിംഫെറോപോൾ തകർത്ത് റഷ്യ

മോസ്കോ : യുക്രെയ്ൻ നാവികസേനയുടെ നിരീക്ഷണ കപ്പലായ സിംഫെറോപോൾ തകർത്ത് റഷ്യ. ഡ്രോൺ ആക്രമണത്തിലാണ് കപ്പൽ തകർത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. യുക്രെയ്നിലെ ഒഡെസ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഡാന്യൂബ് നദിയുടെ ഡെൽറ്റയിലാണ് കപ്പൽ തകർന്നതെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കപ്പൽ തകർന്നതായി യുക്രെയ്ൻ അധികൃതർ സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഒരു ക്രൂ അംഗം കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. കപ്പലിലെ ഭൂരിഭാഗം ജീവനക്കാരും സുരക്ഷിതരാണെന്നും ആക്രമണത്തിന്റെ അനന്തരഫലങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും യുക്രേനിയൻ നാവിക വക്താവിനെ ഉദ്ധരിച്ച് കീവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
ഒരു പതിറ്റാണ്ടിനിടെ യുക്രെയ്ൻ കമ്മിഷൻ ചെയ്ത ഏറ്റവും വലിയ കപ്പലാണ് സിംഫെറോപോൾ. റേഡിയോ, ഇലക്ട്രോണിക്, റഡാർ, ഒപ്റ്റിക്കൽ നിരീക്ഷണം എന്നിവയ്ക്കായി രൂപകൽപന ചെയ്ത ലഗൂണ ക്ലാസ് ഇടത്തരം കപ്പലാണിത്. 2021 മുതൽ യുക്രെയ്ൻ സൈന്യത്തിന്റെ ഭാഗമായിരുന്നു സിംഫെറോപോൾ. ഡ്രോൺ ആക്രമണത്തിൽ തകർന്ന കപ്പൽ മുങ്ങി. ഇതാദ്യമായാണ് റഷ്യൻ സൈന്യം കടലിനു നടുവിൽ ഇത്തരമൊരു ഡ്രോൺ ആക്രമണം നടത്തുന്നത്.