യുക്രെയ്നിൽ വൻ വ്യോമാക്രമണം നടത്തി റഷ്യ

കീവ് : റഷ്യയിൽ നിന്നും ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും വലിയ വ്യോമാക്രമണം നേരിട്ട് യുക്രെയ്ൻ. 728 ഡ്രോണുകളും 13 ക്രൂയി- ബാലിസ്റ്റിക് മിസൈലുകളും ഒന്നിനുപിറകെ ഒന്നായി രാജ്യത്തുടനീളമുള്ള നഗരങ്ങളെ ആക്രമിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് േവ്ലാദിമർ സെലെൻസ്‌കി പറഞ്ഞു. ആക്രമണത്തെ അപലപിച്ച സെലൻസ്കി സമാധാനം കൈവരിക്കാനും വെടിനിർത്തൽ സ്ഥാപിക്കാനും നിരവധി ശ്രമങ്ങൾ നത്തിവരുന്ന സമയത്താണ് ഇത് സംഭവിക്കുന്നതെന്നും റഷ്യ മാത്രമാണ് അവയെല്ലാം ലംഘിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ആക്രമണത്തിൽ ആളപായമുണ്ടോ എന്നത് പുറത്തുവന്നിട്ടില്ല.
റഷ്യയുടെ മിസൈൽ ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ യുക്രെയ്ൻ ഇന്റർസെപ്റ്ററുകളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ, ആക്രമണങ്ങളുടെ തീവ്രതയും ആവൃത്തിയും വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ കിഴക്കൻ ഭാഗവും കീവ് പ്രദേശവും പതിവായി വെടിവെപ്പിന് വിധേയമാകുന്നുണ്ട്. യുക്രെയ്നിന്റെ ഒരു കോണും റഷ്യൻ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ലെന്നാണ്റിപ്പോർട്ടുകൾ.
പോളിഷ് അതിർത്തിയിൽ നിന്ന് 90 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതും സൈനിക, മാനുഷിക സഹായ ഗതാഗത കേന്ദ്രവുമായ ലുട്‌സ്ക് നഗരമാണ് ചൊവ്വാഴ്ച രാത്രിയിലെ ആക്രമണത്തിന്റെ കടുത്ത ആഘാതം അനുഭവിച്ചത്. പടിഞ്ഞാറൻ നഗരങ്ങളായ ലിവിവിലും റിവ്‌നെയിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.
യുക്രെൻ തലസ്ഥാനത്തേക്ക് യു.എസ് കൂടുതൽ ആയുധങ്ങൾ അയക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് രാത്രിയിലെ ആക്രമണം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരെ ട്രംപ് വർധിച്ചുവരുന്ന നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
പുടിൻ തങ്ങൾക്കു നേരെ ധാരാളം അസംബന്ധങ്ങൾ എറിയുന്നുവെന്നും അദ്ദേഹം എപ്പോഴും നല്ലരീതിയിൽ നിൽക്കുന്നുണ്ടെങ്കിലും പക്ഷേ, അത് അർത്ഥശൂന്യമായി മാറുന്നുവെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറയുകയുണ്ടായി.
ട്രംപിന്റെ സംസാരരീതി പൊതുവെ വളരെ പരുഷമാണെന്നും പ്രത്യേകിച്ച് അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകളെന്നും ഇതിനോട് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിക്കുകയും ചെയ്തു.