യൂറോപ്യൻ യൂണിയൻ വാർത്തകൾ

യൂറോപ്പ് സുരക്ഷാ ആശങ്കയിൽ; ബെലാറസിൽ ആണവ ശേഷിയുള്ള ഒരേഷ്നിക് മിസൈലുകൾ വിന്യസിച്ച് റഷ്യ

മോസ്കോ : ആണവ ശേഷിയുള്ള ഒരേഷ്നിക് മിസൈലുകൾ ബെലാറസിൽ വിന്യസിച്ചെന്ന് സ്ഥിരീകരിച്ച് റഷ്യ. ബെലാറസിൽ വിന്യസിച്ചതോടെ റഷ്യൻ ആണവ മിസൈലുകൾക്ക് യൂറോപ്പിലെ ലക്ഷ്യസ്ഥാനങ്ങളിൽ കൂടുതൽ വേഗത്തിൽ എത്താൻ കഴിയുമെന്ന് നിരീക്ഷകർ പറയുന്നു.

ഏകദേശം 5,500 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈലുകൾക്ക്, യൂറോപ്പിൽ എവിടെയും ആക്രമണം നടത്താൻ സാധിക്കും. റഷ്യയിൽ നിന്ന് യുഎസിന്റെ പടിഞ്ഞാറൻ തീരത്ത് പോലും ആക്രമണം നടത്താൻ ഒരേഷ്നിക് മിസൈലിന് ശേഷിയുണ്ടെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നു. ശബ്ദത്തിന്റെ പത്തിരട്ടിയിലധികം വേഗമുള്ള ഈ മിസൈൽ തകർക്കുകയെന്നത് അസാധ്യമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അവകാശപ്പെട്ടു. നാറ്റോ അംഗങ്ങളായ പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നിവയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ബെലാറസ്.

റഷ്യൻ, ബെലാറസ് പ്രതിരോധ മന്ത്രാലയങ്ങൾ പുറത്തുവിട്ട വിഡിയോയിൽ മിസൈലുകൾ വനത്തിലേക്കു കൊണ്ടുപോകുന്നതും വലകൾ ഉപയോഗിച്ച് മറയ്ക്കുന്നതും കാണാം. എന്നാൽ മിസൈൽ സംവിധാനം ബെലാറസിൽ എവിടെയാണ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ല. ‘ഒരേഷ്നിക് മിസൈലുകൾ രാജ്യത്തിന്റെ നിശ്ചിത പ്രദേശങ്ങളിൽ സൈനിക ദൗത്യം ആരംഭിച്ചു’ എന്ന് ബെലാറസിന്റെ പ്രതിരോധ മന്ത്രാലയം പ്രസ്താവന ഇറക്കിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യയ്‌ക്കുള്ളിൽ ആഴത്തിൽ പ്രഹരശേഷിയുള്ള ആയുധങ്ങൾ യുക്രെയ്‌‌ന് നൽകുന്നതിൽ നിന്ന് നാറ്റോ രാജ്യങ്ങളെ പിന്തിരിപ്പാക്കാൻ റഷ്യ ശ്രമം തുടരുന്നതിനിടെയാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button