ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട് രൂപ

ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് മേല്‍ യുഎസ് ചുമത്തിയ 50 ശതമാനം താരിഫ് പ്രാബല്യത്തിന് വന്നതിന് പിന്നാലെ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട് രൂപ. ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം ഒരു ഡോളറിന് എതിരെ 88 രൂപ എന്ന നിലയില്‍ എത്തി. വെള്ളിയാഴ്ച 87.69 രൂപയില്‍ വ്യാപാരം തുടങ്ങിയ രൂപ 88.29ലേക്ക് ഇടിഞ്ഞു. ട്രംപ് ചുമത്തിയ 50 ശതമാനം തീരുവ കയറ്റുമതി മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലാണ് രൂപയ്ക്ക് തിരിച്ചടിയായത്.
ഫെബ്രുവരിയിലാണ് ഇതിന് മുന്‍പ് രൂപയുടെ മൂല്യം റോക്കോര്‍ഡ് ഇടിവ് നേരിട്ടത്. ഒരു ഡോളറിന് എതിരെ 87.95 എന്നതായിരുന്നു ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്. വ്യാഴാഴ്ച 87.62 എന്ന നിലയില്‍ ക്ലോസ് ചെയ്തു വ്യാപാരമാണ് വെള്ളിയാഴ്ച 88.29ലേക്ക് ഇടിഞ്ഞത്. വിദേശ നാണയ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വില്‍പ്പന നടത്തി റിസര്‍വ് ബാങ്ക് നടത്തിയ ഇടപെടല്‍ ആണ് രൂപയുടെ വലിയ ഇടിവിനെ തടഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചൈനീസ് കറന്‍സിയായ യുവാനെതിരെയും രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഒരു യുവാന്‍ 12.3862 എന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ജിസിസി കറന്‍സികളായ യുഎഇ ദിര്‍ഹം, സൗദി റിയാല്‍, ഖത്തര്‍ റിയാല്‍ തുടങ്ങിയവയുടെ മൂല്യവും രൂപയ്ക്കെതിരെ ഉയര്‍ന്നു. രൂപയുടെ ഇടിവ് രൂപ തളരുന്നത് ഇറക്കുമതിക്ക് തിരിച്ചടിയാകും. ക്രൂഡ് ഓയില്‍, സ്വര്‍ണം, ഇലക്ട്രോണിക്സ്, അസംസ്കൃതവസ്തുക്കള്‍ തുടങ്ങി ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്ന വസ്തുക്കള്‍ക്ക് ഇനി കൂടുതല്‍ പണം നല്‍കേണ്ടി വരും.