1 ഡോളറിന് 90.46 രൂപ എന്ന സർവകാല റെക്കോഡ് ഇടിവിൽ രൂപ

ന്യൂഡൽഹി : വീണ്ടും തൊണ്ണൂറിന് മുകളിലേക്ക് രൂപ വീണു. ഇന്ന് ഒരു ഘട്ടത്തിൽ 1 ഡോളറിന് 90.46 രൂപ എന്ന നിലയിലാണ് മൂല്യം.ഡിസംബർ 4 ന് 90.42 എന്ന നിലയിലേക്ക് വീണതായിരുന്നു ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നില. ആ റെക്കോർഡാണ് ഇന്ന് തിരുത്തിയത്. യുഎസ് ഫെഡ് പലിശ നിരക്ക് കുറച്ചപ്പോൾ അത് രൂപയ്ക്ക് ഗുണമാവേണ്ടതായിരുന്നു. എന്നാൽ സ്വകാര്യ ബാങ്കുകളും കോർപ്പറേറ്റുകളും ഡോളറിന് ഡിമാൻറ് കൂട്ടിയതാണ് പ്രതികൂലമായത്.
വിദേശ നിക്ഷേപകർ വലിയ തോതിൽ പണം പിൻവലിക്കുന്നതും ഉയരുന്ന വ്യാപാര കമ്മിയും തിരിച്ചടിയായി. ഈ വർഷം 5 ശതമാനത്തിലേറെയാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ശക്തമായ ആർബിഐ ഇടപെടൽ ഇത്തവണയുണ്ടാവുന്നില്ലെന്നാണ് വിവരം. ഡോളർ വൻതോതിൽ വിറ്റഴിച്ച് രൂപയെ പിടിച്ച് നിർത്താനുള്ള ശ്രമം ഗുണം ചെയ്യില്ലെന്നാണ് നിഗമനം. അടിസ്ഥാന ഘടകങ്ങൾ അത്രമേൽ പ്രതികൂലമാണ്. അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ ഇഴഞ്ഞ് നീങ്ങുന്നതടക്കം സാഹചര്യങ്ങൾ വേഗത്തിൽ മാറിയില്ലെങ്കിൽ രൂപ കൂടുതൽ താഴ്ചയിലേക്ക് വീഴാനാണ് സാധ്യത. വിദേശത്ത് നിന്ന് പണം അയക്കുന്നവർക്കും കയറ്റുമതിക്കാർക്കും ഗുണം ചെയ്യുമെങ്കിലും ഇറക്കുമതിയെ സ്ഥിതി ഗുരുതരമായി ബാധിക്കും. രാജ്യത്ത് വിലക്കയറ്റത്തിനും ഇത് ഇടയാക്കും.



