മാൾട്ടാ വാർത്തകൾ

മാൾട്ടീസ് സമാധാന സേനാംഗങ്ങളുള്ള ലെബനനിലെ സൈനിക ക്യാമ്പിന് നേരെ റോക്കറ്റ് ആക്രമണം

മാള്‍ട്ടീസ് സമാധാന സേനാംഗങ്ങള്‍ താമസിക്കുന്ന തെക്കന്‍ ലെബനനിലെ സൈനിക ക്യാമ്പിന് നേരെ റോക്കറ്റ് ആക്രമണം. ബുധനാഴ്ച, വൈകുന്നേരം 4:10നാണ് മാള്‍ട്ടീസ് സൈനികരുള്ള ഐറിഷ് കോമ്പൗണ്ടിനുള്ളിലേക്ക് ആക്രമണം ഉണ്ടായത്.
മാള്‍ട്ടീസ് സൈനികര്‍ സുരക്ഷിതരാണെന്നും പരിക്കുകളൊന്നുമില്ലെന്നും മാള്‍ട്ടയിലെ സായുധ സേനാ വക്താവ് സ്ഥിരീകരിച്ചു.

കോമ്പൗണ്ടില്‍ വീണ റോക്കറ്റ് ഉടന്‍തന്നെ പൊട്ടിത്തെറിച്ചു. വളപ്പിന് പുറത്ത് 20 മീറ്റര്‍ അകലെ മറ്റൊരു റോക്കറ്റും പതിച്ചെങ്കിലും അത് സുരക്ഷിതമായി നിര്‍വീര്യമാക്കിയതായി വക്താവ് പറഞ്ഞു. റഷ്യയില്‍ വികസിപ്പിച്ചതും ഹിസ്ബുള്ള സാധാരണയായി ഉപയോഗിക്കുന്നതുമായ കത്യുഷ റോക്കറ്റാണ് ഇതെന്ന് ഐറിഷ് ഡിഫന്‍സ് ഫോഴ്‌സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചു. 6 മാസത്തെ സമാധാന പരിപാലന പ്രവര്‍ത്തനങ്ങളുടെ പര്യടനത്തിനായി മാള്‍ട്ടയിലെ സായുധ സേനയിലെ ഒരു ഓഫീസറും എട്ട് സീനിയര്‍, ജൂനിയര്‍ നോണ്‍കമ്മീഷന്‍ഡ് ഓഫീസര്‍മാരുമാണ് നിലവില്‍ 124ാമത് ഇന്‍ഫന്‍ട്രി ബറ്റാലിയനുമായി ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിലുള്ളത് (UNIFIL) . ഇസ്രയേലിലേക്ക് വിക്ഷേപിച്ച റോക്കറ്റ് ഇസ്രായേല്‍ എയര്‍ ഡിഫന്‍സ് സിസ്റ്റം തടഞ്ഞുനിര്‍ത്തി താഴെയിറക്കിയതാണോ എന്ന് നിര്‍ണ്ണയിക്കാന്‍ അന്വേഷണം നടക്കുകയാണെന്നും പ്രതിരോധ സേന ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ സീന്‍ ക്ലാന്‍സി പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button