കരിയറിലെ ശ്രദ്ധേയ ഗോൾ അസിസ്റ്റുമായി റൊണാൾഡോ, തുർക്കിയെ കീഴടക്കി പോർച്ചുഗൽ പ്രീക്വാർട്ടറിൽ
മ്യൂണിക്ക്: കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയ അസിസ്റ്റുമായി റൊണാൾഡോ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ മത്സരത്തിൽ തുർക്കിയെ മറികടന്ന് പോർച്ചുഗൽ മുന്നോട്ട്. ആദ്യ മത്സരത്തിൽ ജോർജിയക്കെതിരെ മിന്നുന്ന പ്രകടനം നടത്തിയ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് പോർച്ചുഗൽ യൂറോ കപ്പ് ഗ്രൂപ്പ് എഫിൽ നിന്ന് പ്രീക്വാർട്ടറിലെത്തിയത്.ബെർണാഡോ സിൽവ (21),ബ്രൂണോ ഫെർണാണ്ടസ്(56) പറങ്കിപടക്കായി സ്‌കോർ ചെയ്തപ്പോൾ തുർക്കി പ്രതിരോധ നിരയിലെ സാമെറ്റ് അകായ്ദിന്റെ സെൽഫ് ഗോളും വഴങ്ങി.
രണ്ട് ഗോൾ വഴങ്ങിയെങ്കിലും ആദ്യ പകുതിയിൽ പോർച്ചുഗലിനൊപ്പം പിടിച്ചുനിന്ന തുർക്കി അവസാന 45 മിനിറ്റിൽ നിറംമങ്ങി. ഫിനിഷിങിലെ പോരായ്മകൾ തുർക്കിക്ക് തിരിച്ചടിയായപ്പോൾ അവസരങ്ങൾ കൃത്യമായി വലയിലെത്തിച്ച് പറങ്കിപട വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കി. രണ്ടാം പകുതിയുടെ 56ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളിന് വഴിയൊരുക്കിയ നിർണായക അസിസ്റ്റുമായി നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ തിളങ്ങി.ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ഗോളിലേക്ക് ചിപ് ചെയ്യാനുള്ള അവസരം മുന്നിലിരിക്കേ , ഇടതു ഗോൾ പോസ്റ്റിനു മുന്നിലുള്ള ബ്രൂണോക്ക് ഗോളവസരം നൽകിയാണ് റൊണാൾഡോ ഏവരെയും ഞെട്ടിച്ചത്. ഒരു പക്ഷെ, ഗോളിയുമായുള്ള വൺ ടു വണ്ണിൽ റൊണാൾഡോ ഗോൾ നേടാൻ ശ്രമിക്കാതെ പന്ത് കൈമാറുന്നത് കരിയറിൽ തന്നെ ആദ്യമാകും. ഇതോടെ യൂറോ കപ്പ് ചരിത്രത്തിൽ കൂടുതൽ അസിസ്റ്റ് നൽകിയ താരവുമായി റോണോ.
മികച്ച പാസിങ് ഗെയിമിനൊടുവിൽ 21ാം മിനിറ്റിൽ ബെർണാഡോ സിൽവ ആദ്യ ഗോൾ നേടിയതോടെ തുർക്കി ടീമിന്റെ താളംതെറ്റി. മിസ് പാസുകളുമായി കളിമറന്ന സ്ഥിതിയായി. അപ്രതീക്ഷിതമായാണ് രണ്ടാം ഗോൾ വന്നത്. ഗോളിക്ക് ബാക് പാസ് നൽകാനുള്ള സാമെറ്റ് അകായ്ദിന്റെ ശ്രമം പാളുകയായിരുന്നു. പന്തിന്റെ ദിശയിലേക്ക് ഓടി വന്ന ഗോൾ കീപ്പർ ആൾട്ടേ ബായിന്ദെയെ ശ്രദ്ധിക്കാതെ ബാക് പാസ് നൽകിയതോടെ ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്ത് കയറി. തടയാനായി ബായിന്ദർ തിരിഞ്ഞോടി ഗോൾ ലൈൻ സേവിന് ശ്രമിച്ചെങ്കിലും അതിന് മുമ്പ് പന്ത് ഗോൾ വര കടന്നിരുന്നു. രണ്ടാം പകുതിയിൽ 55-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിന്റെ വിജയം ഉറപ്പിച്ച മൂന്നാം ഗോളും സ്വന്തമാക്കി. ജയത്തോടെ ഒരു മത്സരം ബാക്കിനിൽക്കെ പോർച്ചുഗൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടർ ഉറപ്പിച്ചു
യൂറോയിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ
- റൊണാൾഡോ – പോർച്ചുഗൽ -8.
- കാറൽ പൊബോർസ്‌കി – ചെക് – 8.
- സെസ് ഫാബ്രിഗാസ് -സ്‌പെയിൻ – 5.
- ബാസ്റ്റിൻ ഷ്വയിൻസ്റ്റീഗർ- ജർമനി – 5.
- അർജൻ റോബൻ- നെതർലൻഡ്സ് – 5.