ശ്രീലങ്കയിലെ കലാപം: പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു
കൊളംബോ: ശ്രീലങ്കയില്‍ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവെച്ചു. സര്‍ക്കാറിന്റെ പിന്തുടര്‍ച്ചയും ജനങ്ങളുടെ സുരക്ഷയും മുന്‍നിര്‍ത്തി പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശം താന്‍ അംഗീകരിക്കുകയാണെന്ന് രാജി പ്രഖ്യാപനത്തിന് പിന്നാലെ റെനില്‍ വിക്രമസിംഗെ പറഞ്ഞു.
എല്ലാ കക്ഷികളേയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി താന്‍ പ്രധാനമന്ത്രിപദം രാജിവെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീലങ്കന്‍ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ വിളിച്ചുചേര്‍ത്ത പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗത്തില്‍ പ്രസിഡന്റ് ഗോടബയ രാജപക്സ ഉടനടി രാജിവെക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പ്രസിഡന്റ് രാജിസന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടുണ്ടായിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ നാടകീയമായി പ്രധാനമന്ത്രി രാജിവെക്കുകയായിരുന്നു.
അതേസമയം സര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭമാണ് ഇന്ന് ലങ്കയില്‍ അരങ്ങേറിയത്. പ്രസിഡന്റിന്റെ ഓഫീസിന്റെയും വസതിയുടെയും നിയന്ത്രണം പ്രതിഷേധക്കാര്‍ കൈയടക്കി. കലാപത്തില്‍ 40 പ്രതിഷേധക്കാര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. ഒരു സംഘം സൈനികരും പ്രസിഡന്റിനെതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ച് പ്രതിഷേധം നിയന്ത്രണത്തിലാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രോഷാകുലരായ പ്രതിഷേധക്കാര്‍ സമാഗി ജന ബലവേഗയ(എസ്.ജെ.ബി) എം.പി രജിത സെനരത്നെയെ ആക്രമിച്ചു.