ആകാശത്ത് അപൂർവ്വ വിസ്മയം തീർത്ത് റിംഗ് ഓഫ് ഫയർ ഫെബ്രുവരി 17-ന്

ന്യൂയോർക്ക് : 2026 വർഷത്തിലെ ആദ്യത്തെ സൂര്യഗ്രഹണം ഫെബ്രുവരി 17-ന് നടക്കും. ആകാശത്ത് സൂര്യൻ ഒരു തിളങ്ങുന്ന വളയം പോലെ കാണപ്പെടുന്ന ‘വലയ സൂര്യഗ്രഹണം’ (Annular Solar Eclipse) ആണ് ഇത്തവണ സംഭവിക്കാൻ പോകുന്നത്. ‘റിംഗ് ഓഫ് ഫയർ’ (Ring of Fire) എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസം കാണാൻ ലോകമെമ്പാടുമുള്ള ശാസ്ത്രപ്രേമികൾ കാത്തിരിക്കുകയാണ്.
ഭൂമിക്കും സൂര്യനും ഇടയിലൂടെ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യനെ ഭാഗികമായി മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. എന്നാൽ ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകന്ന ബിന്ദുവിൽ ആയിരിക്കുമ്പോൾ സൂര്യബിംബത്തെ പൂർണ്ണമായും മറയ്ക്കാൻ ചന്ദ്രന് സാധിക്കില്ല. ഈ സമയത്ത് ചന്ദ്രന് ചുറ്റും സൂര്യന്റെ തിളക്കമുള്ള പുറംഭാഗം ഒരു മോതിരം പോലെ കാണപ്പെടും. ഇതിനെയാണ് വലയ സൂര്യഗ്രഹണം എന്ന് വിളിക്കുന്നത്. ഫെബ്രുവരി 17-ന് നടക്കുന്ന ഗ്രഹണത്തിൽ സൂര്യന്റെ ഏകദേശം 96 ശതമാനവും ചന്ദ്രൻ മറയ്ക്കും.
അന്റാർട്ടിക്കയുടെ മിക്ക ഭാഗങ്ങളിലും ഈ വലയ ഗ്രഹണം ദൃശ്യമാകും. കൂടാതെ ദക്ഷിണാഫ്രിക്ക, അർജന്റീന, ചിലി, ടാൻസാനിയ, സിംബാബ്വെ, മൗറീഷ്യസ്, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിൽ ഭാഗികമായി ഗ്രഹണം കാണാൻ സാധിക്കും.
ഗ്രഹണം കാണുന്നവർ നേരിട്ട് സൂര്യനെ നോക്കരുത്. ഐഎസ്ഒ (ISO) സാക്ഷ്യപ്പെടുത്തിയ പ്രത്യേക സോളാർ ഗ്ലാസുകൾ മാത്രം ഉപയോഗിക്കുക.



