ഇയാൽ സാമിറിനെ പ്രതിരോധ സൈനിക മേധാവിയായി നിയമിച്ച് നെതന്യാഹു
ജറൂസലം : വിരമിച്ച മേജർ ജനറൽ ഇയാൽ സാമിറിനെ ഇസ്രായേൽ പ്രതിരോധ സേനയുടെ പുതിയ മേധാവിയായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നിയമിച്ചു. ലഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ഇക്കഴിഞ്ഞ ജനുവരി 21നാണ് 2023 ഒക്ടോബറിൽ ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണം തടയാൻ സാധിക്കാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഹലേവി രാജിവെച്ചത്.
ഗസ്സയിൽ ഹമാസുമായുള്ള ഇസ്രായേലിന്റെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ഹലേവിയുടെ രാജി. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ നിരവധി ഇസ്രായേൽ ബന്ദികളുടെയും ഫലസ്തീൻ തടവുകാരുടെയും മോചനത്തിന് വെടിനിർത്തൽ കരാർ വഴിവെച്ചിട്ടുണ്ട്.
2023 മുതൽ പ്രതിരോധ മന്ത്രാലയം ഡയറക്ടർ ജനറലായി സേവനമനുഷ്ടിച്ചു വരികയാണ് 59കാരനായ ഇയാൽ സാമിറെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ഉന്നത പദവി നഷ്ടമായതിനെ തുടർന്ന് അദ്ദേഹം സൈന്യത്തിൽ നിന്ന് വിരമിച്ചിരുന്നു. 2021 വരെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയും പ്രവർത്തിച്ചു. അതിനു മുമ്പ ഗസ്സയുടെ ചുമതലയുള്ള ഇസ്രായേൽ സൈന്യത്തിന്റെ സതേൺ കമാൻഡിന്റെ മേധാവിയായിരുന്നു.