ഉത്തരാഖണ്ഡ് മഞ്ഞിടിച്ചില്‍ : മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണസംഖ്യ ഏഴായി

ഡെറാഡുണ്‍ : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഉണ്ടായ മഞ്ഞിടിച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മാന ഗ്രാമത്തിലെ ബിആര്‍ഒ ക്യാംപിലാണ് കനത്ത ഹിമപാതത്തെ തുടര്‍ന്ന് മഞ്ഞിടിച്ചില്‍ ഉണ്ടായത്.
ഡല്‍ഹിയില്‍ നിന്ന് എത്തിച്ച ഗ്രൗണ്ട്-പെനെട്രേറ്റിങ് റഡാര്‍ (ജിപിആര്‍) ഉപയോഗിച്ച് സ്നിഫര്‍ ഡോഗുകള്‍, തെര്‍മല്‍ ഇമേജിങ് കാമറകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയുടെ സഹായത്തോടെ സൈന്യം തിരച്ചില്‍ നടത്തിവരികയാണ്. പട്രോളിങ്ങിനും തിരച്ചിലിനുമായി മൂന്ന് സൈനിക യൂണിറ്റുകളും സ്ഥലത്തുണ്ട്.
വെള്ളിയാഴ്ച മാനയ്ക്കും മാന പാസിനും ഇടയിലെ റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന തൊഴിലാളികളാണ് മഞ്ഞിടിച്ചിലില്‍ അപകടത്തില്‍പ്പെട്ടത്. മാനയ്ക്കും ബദരീനാഥിനും ഇടയിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് (ബിആര്‍ഒ) ക്യാംപില്‍ ഉണ്ടായ ഹിമപാതത്തില്‍ എട്ട് കണ്ടെയ്നറുകളിലും ഒരു ഷെഡിലും 55 തൊഴിലാളികള്‍ കുടുങ്ങിയതായാണ് സൈന്യം അറിയിച്ചത്.
ഹൈവേകള്‍ ഉള്‍പ്പെടെയുള്ള പാതകളില്‍ മഞ്ഞ് മൂടിക്കിടക്കുന്നത് രക്ഷാ പ്രവര്‍ത്തനത്തിനെ ബാധിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ ഞായറാഴ്ചയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ 33 പേരെയും ശനിയാഴ്ചയോടെ 17 പേരെയും രക്ഷപ്പെടുത്തിയിരുന്നു. അപകടത്തില്‍ ഇതുവരെ 50 തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്.