യൂറോപ്യൻ യൂണിയൻ വാർത്തകൾ

ബ്രിട്ടനിൽ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റത്തിൽ വംശീയ പക്ഷപാതിത്വമെന്ന് റിപ്പോർട്ട്.

ലണ്ടൻ : ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനത്തിൽ വെളുത്ത വർഗക്കാരെ അപേക്ഷിച്ച് കറുത്ത വർഗക്കാരെയും ഏഷ്യൻ വംശജരെയും തെറ്റായി തിരിച്ചറിയുന്നുവെന്ന് നിർണായക കണ്ടെത്തൽ പുറത്ത്. ഫേഷ്യൽ റെക്കഗ്നിഷൻ ടെക്‌നോളജിയുടെ പ്രയോഗത്തിൽ ശക്തമായ സുരക്ഷാ നടപടികൾ വേണമെന്ന ആവശ്യം കടുക്കുന്നതിനിടെയാണ് ഈ റിപ്പോർട്ട്.

പൊലീസ് ദേശീയ ഡാറ്റാബേസിന്റെ മുൻകാല ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി ഉപകരണം പരിശോധിച്ച വിശകലന വിദഗ്ധർ കണ്ടെത്തിയത് ‘വെള്ളക്കാരുടെ തെറ്റായ ഐഡന്റിഫിക്കേഷൻ നിരക്ക് ഏഷ്യൻ വംശജരെക്കാളും കറുത്ത വർഗക്കാരെക്കാളും വളരെ കുറവാണെന്നാണ്. പ്രത്യേകിച്ച് കറുത്ത വർഗക്കാരായ സ്ത്രീകൾക്കുനേരെയുള്ള തെറ്റായ തിരിച്ചറിയൽ അവരിലെ പുരുഷൻമാരേക്കാൾ ഉയർന്നതാണെന്നും പരിശോധനയിൽ തെളിഞ്ഞു.

പൊലീസിന്റെ ദേശീയ ഡാറ്റാബേസിനുള്ളിൽ സാങ്കേതികവിദ്യയുടെ പ്രയോഗത്തെക്കുറിച്ച് ‘നാഷനൽ ഫിസിക്കൽ ലബോറട്ടറി’ നടത്തിയ ഏറ്റവും പുതിയ പരിശോധനയെത്തുടർന്ന് അതിന്റെ ഫലങ്ങളിൽ ചില ജനസംഖ്യാ ഗ്രൂപ്പുകളെ തെറ്റായി ഉൾപ്പെടുത്താൻ സാധ്യത കൂടുതലാണ് എന്ന് ഹോം ഓഫിസ് സമ്മതിച്ചു.

എൻ.പി.എല്ലിന്റെ കണ്ടെത്തൽ ഒരു അന്തർനിർമിത പക്ഷപാതത്തിലേക്ക് വെളിച്ചം വീശുന്നു എന്നും ജാഗ്രത പാലിക്കണമെന്നും പൊലീസും ക്രൈം കമീഷണർമാരും പറഞ്ഞു. പൊലീസ് മന്ത്രി സാറാ ജോൺസ് ഈ സാങ്കേതികവിദ്യയെ ‘ഡി.എൻ.എ പൊരുത്തപ്പെടുത്തലിന് ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റം’ എന്ന് വിശേഷിപ്പിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ കണ്ടെത്തലുകൾ പുറത്തുവന്നത്.

മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ആളുകളുടെ മുഖം സ്കാൻ ചെയ്യുകയും, തുടർന്ന് അറിയപ്പെടുന്നതോ തിരയുന്നതോ ആയ കുറ്റവാളികളുടെ വാച്ച് ലിസ്റ്റുകളുമായി ചിത്രങ്ങൾ ക്രോസ് റഫറൻസ് ചെയ്യുകയും ചെയ്യുന്നു. കാമറകളിലൂടെ കടന്നുപോകുന്ന ആളുകളുടെ തത്സമയ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനോ, അവരുടെ മുഖം വാണ്ടഡ് ലിസ്റ്റിലുള്ളവരുമായി താരതമ്യം ചെയ്യുന്നതിനോ, ഘടിപ്പിച്ച കാമറകൾ ഉപയോഗിച്ച് സഞ്ചരിച്ച് വ്യക്തികളെ ലക്ഷ്യം വെക്കാനോ ഈ ടെക്നോളജി ഉദ്യോഗസ്ഥർക്ക് ഉപയോഗിക്കാം.

സംശയിക്കപ്പെടുന്നവരുടെ ചിത്രങ്ങൾ പാസ്‌പോർട്ട് അല്ലെങ്കിൽ ഇമിഗ്രേഷൻ ഡാറ്റാബേസുകൾ വഴി പ്രവർത്തിപ്പിച്ച് അവരെ തിരിച്ചറിയാനും അവരുടെ പശ്ചാത്തലം പരിശോധിക്കാനും കഴിയും. ദശലക്ഷക്കണക്കിന് മുഖങ്ങളുടെ ചിത്രങ്ങൾ സൂക്ഷിക്കുന്ന പുതിയ ‘ദേശീയ തിരിച്ചറിയൽ സംവിധാനം’ സ്ഥാപിക്കുന്നതിനായി സിവിൽ സർവീസുകൾ പൊലീസുമായി സഹകരിച്ച് പ്രവർത്തിച്ചു വരികയാണ്.

‘ശരിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ മുഖം തിരിച്ചറിയൽ ഉപയോഗിക്കാൻ ഇത് പൊലീസിനെ അനുവദിക്കുന്നു. ഈ സ്ഥിതിവിവരക്കണക്കുകൾ വംശീയ പക്ഷപാതം കാണിക്കുന്നു. ഈ അൽഗോരിതം ഉപയോഗിച്ച് പ്രതിമാസം ആയിരക്കണക്കിന് തിരയലുകൾ നടക്കുന്നതിനാൽ എത്ര പേരെ തെറ്റായി തിരിച്ചറിഞ്ഞുവെന്നും അത് എന്ത് പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു എന്നുമുള്ള ഗുരുതരമായ ചോദ്യങ്ങൾക്ക് അധികൃതർ ഉത്തരം നൽകേണ്ടതുണ്ടെന്ന്’ ‘ലിബർട്ടി’ എന്ന കാമ്പെയ്‌ൻ ഗ്രൂപ്പിന്റെ നയ-പ്രചാരണ ഓഫിസറായ ചാർലി വെൽട്ടൺ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button