ഇന്നും അതിതീവ്ര മഴ തുടരും, അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്‌ചയും അതി തീവ്ര മഴ തുടരും. മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലൊ അലർട്ടുമാണ്. മധ്യപ്രദേശിനും ഉത്തർപ്രദേശിനും മുകളിൽ രൂപപ്പെട്ട തീവ്ര ന്യുനമർദ്ദത്തിന്റെയും ആന്ധ്രാപ്രദേശിന് മുകളിലെ ചക്രവാത ചുഴിയുടെയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. ശക്തമായ മഴയ്ക്കൊപ്പം 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലുള്ളവർക്കും താഴ്ന്ന പ്രദേശങ്ങളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.