ഇന്ത്യയിൽ ലോക്സഭാ തെരഞ്ഞടുപ്പ് ഏപ്രിൽ 19നാണോ ?; സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ യാഥാർഥ്യമെന്ത്?
ഔദ്യോഗിക വാർത്താക്കുറിപ്പെന്ന രീതിയിൽ സർക്കാർ മുദ്രയോടെയുള്ള ഒരു നോട്ടീസാണ് പ്രചരിക്കുന്നത്
ഇന്ത്യയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ വ്യാപകമായി നടക്കുന്നുണ്ട്.
പ്രചാരണം ഇങ്ങനെ
ഔദ്യോഗിക വാർത്താക്കുറിപ്പെന്ന രീതിയിൽ സർക്കാർ മുദ്രയോടെയുള്ള ഒരു നോട്ടീസാണ് പ്രചരിക്കുന്നത്. ഏപ്രിൽ 19ന് തെരഞ്ഞടുപ്പ് നടക്കുമെന്നാണ് ഇതിൽ പറയുന്നത്. മാർച്ച് 12ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നും പെരുമാറ്റച്ചട്ടം നിലവിൽവരുമെന്നും ഇതിൽ പറയുന്നുണ്ട്. മാർച്ച് 28ന് നാമനിർദേശ പത്രിക സമർപ്പിക്കാം. മേയ് 22ന് ഫലപ്രഖ്യാപനവും മേയ് 30ന് പുതിയ സർക്കാർ രൂപവത്ക്കരണവും ഉണ്ടാകുമെന്നും പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നുണ്ട്.
വാസ്തവം എന്ത്?
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കേണ്ടത്. 2024ലെ പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച് തങ്ങൾ ഒരു സമയക്രമവും പുറത്തിറക്കിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും കമ്മിഷൻ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതികൾ വാർത്താസമ്മേളനത്തിലാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നും കമ്മിഷൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സമയക്രമം മാർച്ച് 13ന് ശേഷമേ പ്രഖ്യാപിക്കുകയുള്ളൂ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പരിശോധിക്കുന്നതിനായി കമ്മിഷൻ വിവിധ സംസ്ഥാനങ്ങളിൽ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയായ ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക.