ബ്രോങ്ക്സിലുണ്ടായ വെടിവയ്പ്പ് : റാപ്പർ കേ ഫ്ലോക്കിന് 30 വർഷം തടവുശിക്ഷ

ന്യൂയോർക്ക് : യുഎസിലെ ബ്രോങ്ക്സിലുണ്ടായ വെടിവയ്പിൽ അറസ്റ്റിലായ റാപ്പർ കേ ഫ്ലോക്കിന് 30 വർഷം തടവുശിക്ഷ വിധിച്ച് കോടതി. കേ ഫ്ലോക് എന്നറിയപ്പെടുന്ന കെവിൻ പെരസിനെ യുഎസ് ജില്ലാ ജഡ്ജി ലൂയിസ് ജെ ലിമാൻ ആണ് ശിക്ഷിച്ചത്. അക്രമത്തെ മഹത്വവൽക്കരിച്ചുകൊണ്ട് കേ ഫ്ലോക് യുവജനങ്ങൾക്ക് സന്ദേശം നൽകിയെന്നും കോടതി നിരീക്ഷിച്ചു.
2020 മുതൽ, പെറെസ് ബ്രോങ്ക്സിലെ ഈസ്റ്റ് 187-ാം സ്ട്രീറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിന്റെ നേതാവായിരുന്നു കേ ഫ്ലോക്. സെവ് സൈഡ്/ഡിഒഎ (“ഡെഡ് ഓൺ അറൈവൽ”) എന്നറിയപ്പെടുന്ന സംഘം പ്രദേശത്ത് തന്നെയുള്ള മറ്റ് ചില സംഘങ്ങളുമായി വെടിവയ്പ് നടത്തിയത് നിരവധി പേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയിരുന്നു. ബാങ്ക്, വയർ തട്ടിപ്പിലൂടെ പണം കണ്ടെത്തിയാണ് സംഘം കേ ഫ്ലോക്കിന്റെ മ്യൂസിക് വീഡിയോ പുറത്തിറക്കിയത്.
2021 അവസാനം അറസ്റ്റ് ചെയ്യുന്നതുവരെ, കേ ഫ്ലോക്കും സംഘവും നിരവധി വെടിവയ്പ്പുകൾ നടത്തി. 2020 ജൂൺ 20-ന് നടന്ന വെടിവയ്പ്പിന് ദിവസങ്ങൾക്ക് ശേഷം, കെവിൻ പെരസും സംഘവും വെടിവയ്പ്പിനെ പ്രകീർത്തിക്കുന്ന ഒരു മ്യൂസിക് വീഡിയോ പുറത്തിറക്കി. 2020 ജൂൺ 26, 2020 ആഗസ്ത് 10, 2021 നവംബർ 10 തീയതികളിൽ നടന്ന കൊലപാതകശ്രമങ്ങൾക്കും പെറസിനെ ഉത്തരവാദിയായി കണ്ടെത്തി. ഈ അക്രമങ്ങൾ നടത്തുമ്പോൾ, പെറസ് അംഗീകൃത “ഡ്രിൽ റാപ്പ്” ആർട്ടിസ്റ്റ് എന്ന പദവി കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചതായും കണ്ടെത്തി.
പെരസ് പുറത്തിറക്കിയ മ്യൂസിക് വീഡിയോകൾ പലതും അക്രമത്തെ മഹത്വവൽക്കരിക്കുന്നതും എതിരാളികളായ ഗുണ്ടാസംഘാംഗങ്ങളെ പരിഹസിക്കുന്നതുമായിരുന്നു. ഗുണ്ടാസംഘത്തിലെ അംഗങ്ങൾ തനിക്കെതിരെ മൊഴി നൽകിയ വിചാരണയ്ക്ക് ശേഷം ഇൻസ്റ്റാഗ്രാമിൽ “എല്ലാ എലികളെയും കൊല്ലുക” എന്ന് സോഷ്യൽ മീഡിയയിൽ പെരസ് കുറിച്ചതും കോടതി ചൂണ്ടിക്കാട്ടി. 2021 നവംബറിൽ ആദ്യ ആൽബമായ “ദി ഡിഒഎ ടേപ്പ്” പുറത്തിറങ്ങിയതിനെത്തുടർന്ന്, ബിൽബോർഡ് മാഗസിന്റെ ആർ & ബി / ഹിപ്-ഹോപ്പ് റൂക്കി ഓഫ് ദി മന്ത് ആയി പെരസിനെ തിരഞ്ഞെടുത്തു. ആയുധങ്ങൾ ഉപയോഗിക്കുന്ന കലാകാരന്മാരെപ്പറ്റിയും അക്രമത്തെക്കുറിച്ചുള്ള വരികളുമാണ് പെരസിന്റെ ഗാനങ്ങളിൽ മിക്കവയിലും.



