അന്തർദേശീയം

പടിഞ്ഞാറൻ രാജ്യങ്ങൾക്ക് ആണവ മുന്നറിയിപ്പ് നൽകി പുടിൻ

മോസ്‌ക്കോ : റഷ്യയിൽ യുക്രൈൻ മിസൈൽ ആക്രമണം തുടരുന്നതിനിടെ പടിഞ്ഞാറൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. യുകെ നൽകിയ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ചാണ് യുക്രൈൻ റഷ്യയിൽ ആക്രമണം നടത്തുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് പുടിന്റെ മുന്നറിയിപ്പ്.

ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പുടിൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. യുഎസും യുകെയും അടക്കമുള്ള രാജ്യങ്ങൾ യുക്രൈൻ അത്യാധുനിക ആയുധങ്ങൾ നൽകിയ റഷ്യയെ പരോക്ഷമായി ആക്രമിക്കുകയാണെന്നാണ് പുടിന്റെ ആരോപണം. തങ്ങളുടെ ‘സ്‌റ്റോം ഷാഡോ’ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് യുക്രൈൻ റഷ്യയിൽ ആക്രമണം നടത്തിയതായി യുകെ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ആണവശേഷിയില്ലാത്ത ഏതെങ്കിലും രാജ്യവുമായി ചേർന്ന് ആണവശേഷിയുടെ രാജ്യം നടത്തുന്ന ആക്രമണം റഷ്യക്കെതിരായ സംയുക്ത നീക്കമായി കാണും. റഷ്യക്കോ സഖ്യകക്ഷിയായ ബെലാറസ് അടക്കമുള്ള രാഷ്ട്രങ്ങൾക്കോ എതിരായ തുടർച്ചയായ ആക്രമണങ്ങൾ ആണവായുധം ഉപയോഗിക്കാൻ നിർബന്ധിതമാക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.

പാശ്ചാത്യ രാജ്യങ്ങൾ യുക്രൈൻ വഴി റഷ്യക്കെതിരായ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ തങ്ങളുടെ ആണവനയം പുനഃപരിശോധിക്കേണ്ടിവരുമെന്ന് റഷ്യൻ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങൾ യുക്രൈന് ആയുധങ്ങൾ നൽകി റഷ്യയിൽ ആക്രമണം പ്രോത്സാഹിപ്പിച്ചാൽ അത് നേരിട്ടുള്ള ആക്രമണമായി തന്നെ കണക്കാക്കി ശക്തമായി തിരിച്ചടിക്കാൻ നിർബന്ധിതമാവുമെന്നും പുടിൻ വ്യക്തമാക്കി.

ലോകത്തെ ഏറ്റവും വലിയ ആണവ ശക്തികളിലൊന്നാണ് റഷ്യ. ആണവായുധങ്ങളിൽ 88 ശതമാനവും നിയന്ത്രിക്കുന്നത് യുഎസും റഷ്യയുമാണ്. യുക്രൈൻ യുദ്ധം തുടങ്ങുന്നതിന് മുമ്പ് റഷ്യയുടെ ആണവനയം പുടിൻ പരിഷ്‌കരിച്ചിരുന്നു. രാജ്യത്തിന് നേരെ ആണവ ആക്രമണം ഉണ്ടാവുകയോ മറ്റേതെങ്കിലും ആക്രമണം രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാവുന്ന സാഹചര്യമുണ്ടാവുകയോ ചെയ്താൽ ആണവായുധം പ്രയോഗിക്കാമെന്നാണ് റഷ്യയുടെ നിലപാട്.

2011 ഫെബ്രുവരി അഞ്ചിന് റഷ്യയും യുഎസും തമ്മിൽ ആണവകരാർ ഒപ്പുവെച്ചിരുന്നു. 2026 ഫെബ്രുവരി നാല് വരെയാണ് ഇതിന്റെ കാലാവധി. ഇത് കഴിഞ്ഞാൽ പുതിയ കരാർ ഒപ്പുവെക്കുന്നതിന് മുമ്പ് യൂറോപ്യൻ രാജ്യങ്ങളുടെ ആണവശേഷി സംബന്ധിച്ച കണക്കുകൾ വേണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പ്രതികരിക്കാൻ യുഎസ് ഇതുവരെ തയ്യാറായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button