കാനഡയിൽ പഞ്ചാബി ഗായകന് വെടിയേറ്റു

ന്യൂഡൽഹി : കാനഡയിൽ പഞ്ചാബി ഗായകൻ തേജി കഹ്‌ലോണിന് വെടിയേറ്റു. രോഹിത് ഗോദാരയുടെ ഗുണ്ടാ സംഘത്തിൽപ്പെട്ടവരാണ് തേജി കഹ്‌ലോണിനെ വെടിവച്ചത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. മറ്റൊരു ഗുണ്ടാസംഘത്തിനു വിവരങ്ങൾ കൈമാറിയെന്ന് ആരോപിച്ചാണ് ഗോദാര സംഘം തേജിയെ ആക്രമിച്ചത്. വയറ്റിലാണ് വെടിയേറ്റത്. സംഭവത്തിൽ കനേഡിയൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ മാസം ആദ്യം, രാജസ്ഥാനിലെ കുച്ചമാൻ പട്ടണത്തിലെ ഒരു ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ബിസിനസുകാരനായ രമേശ് റുലാനിയ(40)യെ ഗോദാര സംഘം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ബിക്കാനീറിലെ ലുങ്കരൻസറിൽ നിന്നുള്ള ഒരു കുപ്രസിദ്ധ ഗുണ്ടാനേതാവാണ് റാവുത്രാം സ്വാമി എന്നും അറിയപ്പെടുന്ന രോഹിത് ഗോദാര.
2022 ഡിസംബറിൽ സിക്കാറിൽ നടന്ന രാജു തെഹാത്തിന്റെ കൊലപാതകം, 2022 മേയിൽ നടന്ന പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ കൊലപാതകം, 2023 ഡിസംബറിൽ കർണി സേന തലവൻ സുഖ്‌ദേവ് സിങ് ഗൊഗാമേദിയുടെ കൊലപാതകം എന്നിവയുൾപ്പെടെ നിരവധി കൊലപാതകങ്ങളുമായി ഗോദാര സംഘത്തിന് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.