തൃശൂര്‍ നഗരത്തില്‍ പുലികളിറങ്ങി

തൃശൂര്‍ : പാട്ടും ആഘോഷവും ആവേശവുംആരവങ്ങളുമായി തൃശൂര്‍ നഗരത്തില്‍ പുലികളിറങ്ങി. പൂരനഗരിയിലേയ്ക്ക് ഇന്ന് എഴുന്നള്ളിയെത്തിയത് പുലിക്കൂട്ടങ്ങളാണ്. പാണ്ടിയും പഞ്ചാരിയും പഞ്ചവാദ്യവും കേട്ട് ലഹരിപിടിച്ച തൃശൂരിന്റെ രാജവീഥികളില്‍ ഇന്ന് പുലിക്കൊട്ടിന്റെ ചടുലതാളം. പുലിക്കൊട്ടും പനംതേങേം.. എന്ന താളത്തില്‍ ജനാവലി ആടിത്തിമിര്‍ത്തു. നഗരം അക്ഷരാര്‍ഥത്തില്‍ പുലികള്‍ കീഴടക്കി.
പാരമ്പര്യത്തനിമയില്‍ നടുവിലാല്‍ ഗണപതിക്കു മുന്നില്‍ തേങ്ങയടിച്ച് പുലിക്കൂട്ടം ഉറഞ്ഞു. പുലിത്താളത്തില്‍ ലയിച്ച് കാഴ്ചക്കാരും സ്വയംമറന്ന് ചുവടുവച്ചു. അരമണിയിളക്കി, കുടവയര്‍ കുലുക്കി തടിയന്‍പുലികളും അവര്‍ക്കൊപ്പം പെണ്‍പുലികളും കുട്ടിപ്പുലികളും സ്വരാജ്റൗണ്ടില്‍ നൃത്തച്ചുവടുമായി നീങ്ങി.
9 സംഘങ്ങളിലായി 459 പുലികളാണ് സ്വരാജ് റൗണ്ടില്‍ ഇറങ്ങിയത്. വൈകിട്ട് 4.30ന് വെളിയന്നൂര്‍ സംഘത്തിന് സ്വരാജ് റൗണ്ട് തെക്കേ ഗോപുരനടയില്‍ മേയര്‍ എം കെ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ മന്ത്രിമാരും എംഎല്‍എമാരും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
ഒരു സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളാണുള്ളത്. അയ്യന്തോള്‍, കുട്ടന്‍കുളങ്ങര, സീതാറാം മില്‍ ലെയ്ന്‍, ചക്കാമുക്ക്, നായ്ക്കനാല്‍, വിയ്യൂര്‍ യുവജനസംഘം, ശങ്കരംകുളങ്ങര, വെളിയന്നൂര്‍ ദേശം, പാട്ടുരായ്ക്കല്‍ ടീമുകളുടെ പുലികളാണ് നഗരവീഥികളെ പ്രകമ്പനം കൊള്ളിക്കുക.
പുലിവരയ്ക്കും ചമയപ്രദര്‍ശനത്തിനും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് കോര്‍പറേഷന്‍ ട്രോഫിയും കാഷ് പ്രൈസും നല്‍കും. പുലിക്കളി കലാകാരന്മാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കായി 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്.