ഓൺലൈൻ ക്ലാസ്സുകൾക്ക് പ്രിയം പോരാ, മാൾട്ടയിൽ സ്വകാര്യ ട്യൂഷന് സാധ്യത വർധിക്കുന്നു
സ്വകാര്യ ട്യൂഷന് പ്രയോജനപ്പെടുത്തുന്ന കുട്ടികളുടെ എണ്ണം മാള്‍ട്ടയില്‍ വര്‍ധിക്കുന്നു. മാള്‍ട്ടയിലെ 10 സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ആറ് പേരും സ്വകാര്യ ട്യൂഷനില്‍ പങ്കെടുക്കുന്നതായി ലിത്വാനിയന്‍ ട്യൂട്ടറിംഗ് കമ്പനിയായ മൊക്കോസി നടത്തിയ സര്‍വ്വേയില്‍ പറയുന്നു. കുട്ടികളുടെ ട്യൂഷനായി ദീര്‍ഘദൂരം ഡ്രൈവ് ചെയ്യാന്‍ മാള്‍ട്ടയിലെ ആളുകള്‍ക്ക് താല്പര്യമില്ലെങ്കിലും മാതാപിതാക്കള്‍ക്കിടയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിലവില്‍ അത്ര ഡിമാന്‍ഡ് ഇല്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.
മാത്സ്, ഇംഗ്ലീഷ്, ഫിസിക്സ് എന്നീ വിഷയങ്ങള്‍ക്കാണ് കൂടുതലും ആവശ്യക്കാരുള്ളത്. നാലുമുതല്‍ ഏഴുവയസു വരെയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ കൂടുതലായും
മാള്‍ട്ടീസ് ഭാഷ പഠിപ്പിക്കാനാണ് ആളെ തേടുന്നത്. ഏകദേശം 29% കുട്ടികളാണ് ഈ പ്രായത്തില്‍ ട്യൂഷന് പോകുന്നത്. വലിയ ക്ലാസുകളിലെ കുട്ടികള്‍ ഗ്രൂപ്പായി ട്യൂഷന് പോകാനാണ് ഇഷ്ടപ്പെടുന്നത്. സ്വകാര്യ ട്യൂഷന് എടുക്കുന്നവരുടെ ശരാശരി നിരക്ക് മണിക്കൂറിനു €10 ആണ്.പോസ്റ്റ്-സെക്കന്‍ഡറി തലത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ട്യൂഷന് €14 മുതല്ക്കാണ്. ഇതര യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളെ അപേക്ഷിച്ച് മാള്‍ട്ടയില്‍ സ്വകാര്യ ട്യൂഷന് സാധ്യത ഏറെയാണ് എന്നാണു സര്‍വേയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതര യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലെ ട്യൂഷന് ശരാശരി 30 ശതമാമാണെങ്കില് മാള്‍ട്ടയില്‍ അത് 60 ശതമാനമാണ്. 90 ശതമാനം കുട്ടികളും ട്യൂഷന് പോകുന്ന അര്‍മീനിയ ആണ് ഈ കണക്കില്‍
ഏറ്റവും മുന്നില്‍. 10 ശതമാനം പേര് മാത്രം സ്വകാര്യ ട്യൂഷനെ ആശ്രയിക്കുന്ന സ്വീഡന് പോലുള്ള നോര്‍ഡിക് രാജ്യങ്ങളാണ് ഏറ്റവും പിന്നില്‍.