കാനഡയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി; ഏപ്രില്‍ 28ന് വോട്ടെടുപ്പ്

ഒട്ടാവ : കാനഡയില്‍ പൊതുതെരഞ്ഞെടുപ്പ് ഏപ്രില്‍ 28ന് നടത്തുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അറിയിച്ചു. പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് ഗവര്‍ണര്‍ മേരി സൈമണിനോട് കാര്‍ണി ആവശ്യപ്പെട്ടു. ഒക്ടോബറിനകമാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്. യുഎസുമായുള്ള വ്യാപാര യുദ്ധം അടക്കം നിലവില്‍ കാനഡ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ സര്‍ക്കാരിന് ജനങ്ങളുടെ ശക്തമായ പിന്തുണ വേണമെന്ന് കാര്‍ണി പറഞ്ഞു.
ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചതിനെ തുടര്‍ന്ന് ലിബറല്‍ പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ട കാര്‍ണി ഈ മാസം 14നാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. സാമ്പത്തിക വിദഗ്ദ്ധനും ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് കാനഡ എന്നിവയുടെ മുന്‍ ഗവര്‍ണറുമാണ് കാര്‍ണി. നഷ്ടമായ ജനപ്രീതി വീണ്ടെടുത്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കേണ്ടത് കാര്‍ണിയുടെ ചുമതലയാണ്.
കാനഡയെ യുഎസിന്റെ 51 -ാം സംസ്ഥാനമാക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം. അതിനാല്‍ യുഎസിന്റെ ഭീഷണികളെ ചെറുക്കുന്നത് കാര്‍ണി പ്രചാരണ ആയുധമാക്കും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയര്‍ പോളിയേവ്, ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിങ്, ബ്ലോക്ക് കീബെക്വ പാര്‍ട്ടി നേതാവ് ഇവ് ഫ്രന്‍സ്വ ബ്ലാന്‍ഷെ എന്നിവരില്‍ നിന്ന് ശക്തമായ മത്സരമാണ് കാര്‍ണി നേരിടേണ്ടി വരിക.