മഡഗാസ്കറിൽ ജെൻസി പ്രക്ഷോഭം; പ്രസിഡന്റ് രാജ്യം വിട്ടു

അന്റനാനരിവോ : മഡഗാസ്കറിൽ നേപ്പാൾ മാതൃകയിൽ കലാപം പടർന്നതോടെ പ്രസിഡന്റ് ആൻഡ്രി രജോലിന രാജ്യം വിട്ടു. അഴിമതിക്കെതിരെ അന്റനാനരിവോയിൽ യുവാക്കൾ നയിച്ച മൂന്നാഴ്ചത്തെ പ്രതിഷേധത്തിന് തുടർച്ചയായാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
രാജ്യത്ത് ജൻ- സി പ്രക്ഷോഭം തുടരുന്നതിനിടെ ശനിയാഴ്ച സ്ഥിതി നിർണായക ഘട്ടത്തിലെത്തി. കാപ്സാറ്റ് എന്നറിയപ്പെടുന്ന ഉന്നത സൈനിക യൂണിറ്റ് പ്രകടനക്കാരുടെ പക്ഷം ചേർന്ന് പ്രസിഡന്റ് ആൻഡ്രി രജോലിനയുടെയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരുടെയും രാജി ആവശ്യപ്പെട്ടു.
തലസ്ഥാനമായ അന്റനാനരിവോ സെൻട്രൽ സ്ക്വയറിൽ വാരാന്ത്യത്തിൽ ഒത്തുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാരോടൊപ്പം CAPSAT യൂണിറ്റും ചേർന്നു. ഇതോടെ മഡഗാസ്കർ സർക്കാർ അട്ടിമറിക്കപ്പെട്ടു.
ഒക്ടോബർ 13 തിങ്കളാഴ്ച വെളിപ്പെടുത്താത്ത ഒരു സ്ഥലത്ത് നടത്തിയ പ്രസംഗത്തിൽ പ്രസിഡന്റ് ആൻഡ്രി രജോലിന തന്റെ രാജ്യം വിടൽ സ്ഥിരീകരിച്ചു “എന്റെ ജീവൻ സംരക്ഷിക്കാൻ സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്താൻ ഞാൻ നിർബന്ധിതനായി.” എന്ന് പറഞ്ഞു. ദേശീയ ചാനൽ പ്രക്ഷോഭകർ കയ്യടക്കിയതിനാൽ എഫ് ബിയിലാണ് ഇക്കാര്യം പറഞ്ഞത്.
ഒരു ഫ്രഞ്ച് സൈനിക വിമാനത്തിൽ പ്രസിഡന്റിനെ രക്ഷപെടുത്തിയതാണ് വാർത്ത. എങ്ങനെയാണ് മഡഗാസ്കർ വിട്ടതെന്നോ നിലവിലെ സ്ഥലത്തെ കുറിച്ചോ ഔദ്യോഗിക വെളിപ്പെടുത്തൽ ഉണ്ടായിട്ടില്ല.
സെപ്റ്റംബർ 25 ന് ആരംഭിച്ച സർക്കാർ വിരുദ്ധ പ്രകടനങ്ങൾ തുടക്കത്തിൽ ജല, വൈദ്യുതി ക്ഷാമങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു. എന്നാൽ പിന്നീട് രാജോലിനയോടും അദ്ദേഹത്തിന്റെ ഭരണകൂടത്തോടുമുള്ള അതൃപ്തിയിലേക്ക് വളർന്നു.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, പ്രതിഷേധങ്ങളിൽ കുറഞ്ഞത് 22 പേർ മരിക്കുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പിന്തുണച്ചതും അട്ടിമറിക്കാൻ കൂട്ടു നിന്നതും
2009-ൽ സൈനിക പിന്തുണയുള്ള അട്ടിമറിയെത്തുടർന്നാണ് സർക്കാരിന്റെ തലവനായി രജോലിന ആദ്യമായി അധികാരമേറ്റത്. അന്ന് എലൈറ്റ് കാപ്സാറ്റ് സൈനിക യൂണിറ്റ് അദ്ദേഹത്തെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഇന്നലെ കാപ്സാറ്റ് യൂണിറ്റ് രാജ്യത്തിന്റെ സായുധ സേനയുടെ നിയന്ത്രണം പിടിച്ചതായും പുതിയൊരു സൈനിക നേതാവിനെ നിയമിച്ചതായും പ്രഖ്യാപിച്ചു. രജോലിനയുടെ അഭാവത്തിൽ ഇപ്പോഴത്തെ പ്രതിരോധ മന്ത്രി ഈ നീക്കം അംഗീകരിച്ചു.
ആഫ്രിക്കയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന 32.4 ദശലക്ഷം ജനസംഖ്യയുള്ള ദ്വീപ് രാഷ്ട്രമാണ് മഡഗാസ്കർ. 2023 ലെ കണക്ക് പ്രകാരം ഏകദേശം 13.6% പേർ 18-24 വയസിന് ഇടയിൽ പ്രായമുള്ളവരും 15.2% പേർ 25-34 ഇടയിൽ പ്രായമുള്ളവരുമാണ്.
ഫ്രാൻസിന്റെ കോളനിയായിരുന്നു ദീർഘകാലം. രാജ്യത്ത് ജനങ്ങളിൽ മുക്കാൽ ഭാഗവും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ലോകബാങ്കിന്റെ 2020 ലെ കണക്കനുസരിച്ച് 1960-ൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം പ്രതിശീർഷ ജിഡിപി 45 ശതമാനം കുറഞ്ഞു.