കേരളം

യാക്കോബായ സഭ അധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇന്ന് ചുമതലയേല്‍ക്കും

കൊച്ചി : യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതലയേല്‍ക്കും. ലബനന്‍ തലസ്ഥാനമായ ബേയ്‌റൂട്ടില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ശുശ്രൂഷകള്‍ക്ക് തുടക്കമാവുക. രാത്രി 8.30നാണ് സ്ഥാനാരോഹണച്ചടങ്ങ്. ആകമാന സുറിയാനി സഭയുടെ തലവനായ പാത്രയര്‍ക്കീസ് ബാവ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

ബെയ്‌റൂട്ട് അറ്റ്ചാനെ കത്തീഡ്രലിലാണ് ചടങ്ങുകള്‍. സഭയിലെ മുഴുവന്‍ മെത്രാപ്പൊലീത്തമാരും സഹകാര്‍മികരാകും. വചനിപ്പ് തിരുനാള്‍ ദിവസമാണ് സ്ഥാനാരോഹണമെന്ന പ്രത്യേകതയുമുണ്ട്. രാവിലെ 9ന് വചനിപ്പ് തിരുനാളിന്റെ ഭാഗമായി നടക്കുന്ന വി.കുര്‍ബാനയ്ക്ക് പാത്രിയാര്‍ക്കീസ് ബാവ മുഖ്യകാര്‍മികനാകും.

പാത്രിയാര്‍ക്കീസ് ബാവയുടെ കീഴില്‍ പ്രാദേശിക ഭരണത്തിനായി ക്രമീകരിക്കപ്പെട്ട കാതോലിക്കേറ്റിലെ 81 ാമത്തെ കാതോലിക്കാ ബാവയാണ് മാര്‍ ഗ്രിഗോറിയോസ്. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ, സിറിയന്‍ കത്തോലിക്കാ സഭ, അര്‍മേനിയന്‍ കത്തോലിക്കാ സഭ, കല്‍ദായ സുറിയാനി സഭ തുടങ്ങി വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കും. മലങ്കര കത്തോലിക്കാ സഭയുടെ തലവനായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും മാര്‍ത്തോമ്മ സഭയെ പ്രതിനിധാനം ചെയ്ത് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും പങ്കെടുക്കും.

മുന്‍ കേന്ദ്രമന്ത്രിമാരായ വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം, ബെന്നി ബഹനാന്‍ എംപി, ഷോണ്‍ ജോര്‍ജ് എന്നിവര്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളായി ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തില്‍ എംഎല്‍എമാരായ അനൂപ് ക്കേബ്, ഇ ടി ടൈസണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ജോബ് മൈക്കിള്‍, പി വി ശ്രീനിജന്‍ എന്നിവരും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button