യൂറോപ്പിലെ വൈദ്യുത തടസം മാൾട്ടയിലെ വിമാനസർവീസുകളെയും ബാധിച്ചു

യൂറോപ്പിലെ വൈദ്യുത തടസം മാൾട്ടയിലെ വിമാനസർവീസുകളെയും ബാധിച്ചു. പോർച്ചുഗലിലും സ്‌പെയിനിലും വൈദ്യുതി മുടങ്ങിയതാണ് മാൾട്ടയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെ ബാധിച്ചത്. പോർച്ചുഗീസ് നഗരമായ പോർട്ടോയിലേക്കും തിരിച്ചുമുള്ള റയാനെയർ വിമാനങ്ങൾ തിങ്കളാഴ്ച വൈകുന്നേരം രണ്ട് മണിക്കൂർ വൈകി. മാഡ്രിഡിൽ നിന്ന് രാത്രി 8.25 ന് എത്തേണ്ടിയിരുന്ന റയാനെയറിന്റെ ഒരു വിമാനം അനിശ്ചിത സമയത്തേക്ക് വൈകി.
യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ് എന്നിവിടങ്ങളിലാണ് വ്യാപകമായ വൈദ്യുതി തടസം നേരിട്ടത് . മൊബൈൽ ഫോൺ ശൃംഖലകൾ പ്രവർത്തനരഹിതമായി. ട്രെയിനുകളും വിമാനങ്ങളും വൈകി.ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെ ബാധിച്ച വൈദ്യുതി തടസത്തിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30നാണ് പ്രശ്നം തുടങ്ങിയത്.സ്പെയ്നിലെ പാർലമെന്‍റ്, മെട്രൊ സ്റ്റേഷനുകൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനം തടസപ്പെട്ടു. പോർച്ചുഗലിൽ തലസ്ഥാനമായ ലിസ്ബണിലും രാജ്യത്തിന്‍റെ തെക്കും വടക്കും ഭാഗങ്ങളിലും വൈദ്യുതി തടസപ്പെട്ടു.
സമീപ വർഷങ്ങളിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ വൻതോതിൽ വൈദ്യുതി തടസം നേരിട്ടിട്ടുണ്ട്. 2023 സെപ്റ്റംബറിൽ ടുണീഷ്യയിലും 2020 ഓഗസ്റ്റിൽ ശ്രീലങ്കയിലും 2019 ജൂണിൽ അർജന്റീനയിലും ഉറുഗ്വേയിലും വൻ വൈദ്യുതി തടസ്സങ്ങൾ ഉണ്ടായി. 2012 ജൂലൈയിൽ ഇന്ത്യയിൽ വലിയ വൈദ്യുതി തടസ്സം അനുഭവപ്പെട്ടു. യൂറോപ്പിൽ, 2006 നവംബറിൽ, ഫ്രാൻസ്, ജർമ്മനി, ബെൽജിയം, നെതർലാൻഡ്‌സ്, ഇറ്റലി, സ്‌പെയിൻ എന്നിവിടങ്ങളിൽ 10 ദശലക്ഷം ആളുകൾക്ക് ഒരു മണിക്കൂർ വൈദ്യുതി മുടങ്ങി. ജർമ്മനിയുടെ ഗ്രിഡിലെ ഒരു തകരാറാണ് ഇതിന് കാരണം.