അന്തർദേശീയം

ചരിത്രത്തിലെ ആദ്യ അമേരിക്കൻ മാർപാപ്പയായി ലിയോ പതിനാലാമൻ

വത്തിക്കാൻ സിറ്റി: കർദിനാൾ റോബർട്ട്‌ ഫ്രാൻസിസ് പ്രെവോസ്‌ത്‌ ആഗോള കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ആദ്യ അമേരിക്കൻ മാർപാപ്പ. അറുപത്തൊമ്പതുകാരനായ അദ്ദേഹം ലിയോ പതിനാലാമൻ എന്നറിയപ്പെടും.സെന്റ് അഗസ്റ്റിൻ ഓർഡർ സഭാസമൂഹത്തിൽനിന്നുള്ള ആദ്യ പോപ്പാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ്.

കർദിനാൾമാരുടെ കോൺക്ലേവിന്റെ രണ്ടാംദിനത്തിൽ അഞ്ചാംറൗണ്ട്‌ വോട്ടെടുപ്പിലാണ്‌ മൂന്നിൽരണ്ട്‌ ഭൂരിപക്ഷത്തോടെ പാപ്പയെ തെരഞ്ഞെടുത്തത്‌. സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തിൽ തടിച്ചുകൂടിയ വൻ ജനാവലി സിസ്റ്റൈൻ ചാപ്പലിൽനിന്ന്‌ വെളുത്ത പുക ഉയർന്നപ്പോൾ ഹർഷാരവമുയർത്തി. തുടർന്ന്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം “നമുക്ക് ഒരു പാപ്പയുണ്ട്’ എന്നർഥം വരുന്ന ലാറ്റിൻപദമായ “ഹാബെമസ് പാപ്പം’ ഉച്ചരിച്ച് മുതിർന്ന കർദിനാൾ തീരുമാനം സ്ഥിരീകരിച്ചു. പുതിയ പാപ്പയെ അദ്ദേഹം തെരഞ്ഞെടുത്ത നാമധേയത്തിൽ പരിചയപ്പെടുത്തി. തൊട്ടുപിന്നാലെ ബസിലിക്കയുടെ മട്ടുപ്പാവിൽ ഔദ്യോഗിക വേഷത്തിൽ പാപ്പയെത്തി. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങൾ ആർപ്പുവിളികളോടെ പ്രെവോസ്‌തിനെ സ്വാഗതം ചെയ്‌തു. “നിങ്ങൾക്കെല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ’ എന്ന്‌ അദ്ദേഹം ആശംസിച്ചു.

പോപ്പ്  ഫ്രാൻസിസിന്റെ പിൻഗാമിക്ക്‌ അദ്ദേഹത്തിന്റെ ജനകീയ നിലപാടും പുരോഗമന വീക്ഷണവും പിന്തുടരാനാകുമോ എന്ന്‌ ഉറ്റുനോക്കുകയാണ്‌ ലോകം. . ഇതുവരെയുണ്ടായ 266 പോപ്പുമാരിൽ അമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത്. അധികാരപരമായി നോക്കുമ്പോൾ യുഎസിൽനിന്നു പാപ്പ ഉചിതമല്ലെന്ന സഭയുടെ അലിഖിത നിലപാട് തിരുത്തിക്കുറിച്ചാണ് അദ്ദേഹം സ്ഥാനമേൽക്കുന്നത്. പുതിയ പോപ് ആകാൻ സാധ്യതയുള്ളവരുടെ പേരുകൾ ഒന്നൊന്നായി പുറത്തുവന്നപ്പോളും, കർദിനാൾമാരിൽ താരതമ്യേന പ്രായം കുറഞ്ഞ കർദിനാൾ ഫ്രാൻസിസിനെ ചൂണ്ടിക്കാട്ടിയവർ വിരളമായിരുന്നു. ലാറ്റിനമേരിക്കയെ പ്രതിനിധാനം ചെയ്ത ഫ്രാൻസിസ് പാപ്പയുടെ പിൻഗാമി യൂറോപ്പിൽ നിന്നാകുമെന്നാണ് ഏറെപ്പേരും പ്രവചിച്ചിരുന്നത്.

ഷിക്കാ​ഗോയില്‍ ലൂയിസ് മാരിയസ് പ്രെവോസ്‌തിന്റെയും മിൽഡ്രഡ് മാർട്ടിനെസിന്റെയും മകനായി 1955 സെപ്‌തംബർ 14നാണ് റോബർട്ട് പ്രെവോസ്‌തിന്റെ ജനനം. 1973ൽ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിന്‍ മൈനർ സെമിനാരിയിൽ സെക്കൻഡറി പഠനം പൂർത്തിയാക്കി. ഗണിതശാസ്‌ത്രത്തിൽ ബിരുദം നേടി. 1977ൽ സെന്റ് അഗസ്റ്റിൻ സഭയിൽ ചേർന്നു. ഷിക്കാഗോയിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിൽനിന്ന് 1982ല്‍ മാസ്റ്റർ ഓഫ് ഡിവിനിറ്റി ബിരുദം. റോമിലെ അഗസ്റ്റിനിയാന്‍ ആർച്ച് ബിഷപ്പ് ജീൻ ജാഡോട്ട് അദ്ദേഹത്തെ പുരോഹിതനായി നിയമിച്ചു. പിന്നീട് ഏറെക്കാലമായി പെറുവിലാണ് സഭാജീവിതം നയിച്ചത്. 1985 മുതൽ 1986 വരെയും 1988 മുതൽ 1998 വരെയും അദ്ദേഹം പെറുവിൽ ഇടവക പാസ്റ്റർ, രൂപതാ ഉദ്യോഗസ്ഥൻ, സെമിനാരി അധ്യാപകൻ, അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചു. ഷിക്കാഗോയിലെ അഗസ്റ്റീനിയൻ പ്രവിശ്യയുടെ ചുമതല ഏറ്റെടുക്കാന്‍ 1999ല്‍ പെറുവില്‍നിന്ന് മടങ്ങിയ അദ്ദേഹം 2023ൽ കർദിനാളായി. 2015 മുതൽ പെറുവിൽ പൗരത്വമുണ്ട്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button