‘ലോകമെങ്ങും സമാധാനം പുലരട്ടെ’; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി : ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ലോകമെങ്ങുമുളള സംഘര്‍ഷ മേഖലകളില്‍ സമാധാനം പുലരട്ടെ എന്ന് ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷമുള്ള അഭിസംബോധന പ്രസംഗത്തില്‍ പാപ്പ പറഞ്ഞു.
‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു, ചര്‍ച്ചകളിലൂടെ നമുക്ക് ശാശ്വതമായ ഒരു കരാറിലെത്താന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ വന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത പോപ്പ് യുക്രൈനില്‍ സമാധാനത്തിനും ഗാസയില്‍ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഗാസയിലെ കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യത്തെ ഞായറാഴ്ച കുര്‍ബാനയിലായിരുന്നു മാര്‍പാപ്പയുടെ പരാമര്‍ശം.
മണ്മറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അതേ നിലപാടുകള്‍ തന്നെയാണ് പിന്‍ഗാമിയായ തന്റേതെന്നും ഉറപ്പിക്കുന്ന വാക്കുകളായിരുന്നു ലിയോ മാര്‍പാപ്പയുടെതും. ലോകത്തെ നശിപ്പിക്കുന്ന സംഘര്‍ഷങ്ങളെ അപലപിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളും ലിയോ മാര്‍പാപ്പ ഉദ്ധരിച്ചു. ഇനിയൊരു യുദ്ധം ഒരിക്കലും ഉണ്ടായിക്കൂടാ എന്നും അദ്ദേഹം എടുത്തുപറഞ്ഞു. ലോകമെങ്ങും സമാധാനമെന്ന അത്ഭുതം സംഭവിക്കാനായി താന്‍ ദൈവത്തോട് പ്രാര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പുതിയ മാര്‍പാപ്പയുടെ പ്രസംഗം കേള്‍ക്കാന്‍ ഒത്തുകൂടിയത്.