അമേരിക്കയും റഷ്യയും ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് പുതുക്കണം : ലിയോ മാർപാപ്പ

വത്തിക്കാൻ സിറ്റി : അമേരിക്കയും റഷ്യയും ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് പുതുക്കണമെന്ന് അഭ്യർത്ഥിച്ച് ലിയോ മാർപാപ്പ. വത്തിക്കാനിൽ നടത്തിയ പ്രതിവാര പ്രഭാഷണത്തിലാണ് മാർപാപ്പ ഈ ആവശ്യം ഉന്നയിച്ചത്. ആയുധ മത്സരം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ നിലവിലെ ലോകസാഹചര്യം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓരോ രാജ്യവും വിന്യസിച്ചിരിക്കുന്ന തന്ത്രപരമായ ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന, ആണവായുധ നിയന്ത്രണ ഉടമ്പടിയായ ന്യൂ START പുതുക്കാൻ റഷ്യയിലെയും അമേരിക്കയിലെയും നേതാക്കൾ സന്നദ്ധമാകണം. ഭയത്തിനും അവിശ്വാസത്തിനും പകരം പൊതുനന്മയ്ക്കായിട്ടുള്ള ധാർമ്മികത സ്ഥാപിക്കേണ്ടത് മുമ്പെന്നത്തേക്കാളും അത്യന്താപേക്ഷിതമാണ് എന്നും മാർപാപ്പ പറഞ്ഞു.
2010ൽ പ്രാഗിൽ യുഎസും റഷ്യയും ഒപ്പുവച്ച കരാറിന്റെ കാലാവധി ബുധനാഴ്ച അർധരാത്രിയോടെയാണ് അവസാനിച്ചത്. കരാർ പുതുക്കിയില്ലെങ്കിൽ ഇരുരാജ്യങ്ങൾക്കും ആണവായുധങ്ങൾ സംഭരിക്കാൻ നിലവിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകും. ഇത് ആയുധമത്സരം വർധിപ്പിക്കുമെന്ന ആശങ്കയ്ക്കിടെയാണ് മാർപാപ്പ കരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ടത്.



