2010 നുശേഷം യൂറോപ്പിൽ ആദ്യമായി ജർമനിയിൽ പോളിയോ റിപ്പോർട്ട് ചെയ്തു

ഹാംബർഗ് : ജർമനിയിൽ പോളിയോ സാമ്പിൾ റിപ്പോർട്ട് ചെയ്തു. 2010 നുശേഷം യൂറോപ്പിൽ ആദ്യമായി പോളിയോ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇപ്പോൾ ജർമനിയിലാണ്. വൈൽഡ് പോളിയോ എന്ന പോളിയോ വൈറസിന്റെ വകഭേദമാണ് ഹാംബർഗിലെ മലിനജലത്തിൽ കണ്ടെത്തിയത്.
പോളിയോക്ക് മരുന്ന് ലഭ്യമല്ലെങ്കിലും പ്രതിരോധ മരുന്നുകൊണ്ട് പോളിയോ തടയാം. 1988 ൽ മാസ് വാക്സിനേഷൻ പ്രഖ്യാപിക്കപ്പെട്ട ശേഷം ലോകത്ത് ഇന്ന് 99 ശതമാനം പോളിയോ വൈറസുകളെയും നിർമാർജനം ചെയ്തിട്ടുണ്ട്.
പ്രധാനമായും രണ്ടുതരം പോളിയോ ആണുള്ളത്. വൈൽഡ് പോളിയോയും വേരിയന്റ് പോളിയോയും. രണ്ട് പോളിയോയും കുട്ടികളിൽ ശാശ്വതമായ കൈകാൽ തളർച്ചയുണ്ടാക്കുകയും മരണകാരണവുമായേക്കാം. ഇതിൽ വൈൽഡ് പോളിയോ അപൂർവമാണ്. ഇതിന് മുമ്പ് ഇതു കണ്ടെത്തിയത് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മത്രമാണ്.
പോളിയോയുടെ വ്യാപനം കണ്ടെത്താനായി എല്ലാ രാജ്യങ്ങളും മലിനജലത്തിൽ പരിശോധന നടത്താറുണ്ട്. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് ജർമനിയിൽ പോളിയോ വൈറസിനെ കണ്ടെത്തിയത്.
എന്നാൽ ജർമനിയിൽ വൈറസ് കണ്ടെത്തിയത് സിസ്റ്റം കൃത്യമായി പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവായാണത്രെ വിലയിരുത്തപ്പെടുന്നത്. അതേസമയം ആർക്കെങ്കിലും രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ല.
രാജ്യത്ത് വാക്സിനേഷൻ കൃത്യമായി നടക്കുന്നതിനാൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം യു.എസിലും യൂറോപ്പിലെയും കൂടുതൽ വ്യാപന സാധ്യതയുള്ള പോളിയോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.



