ഡൽഹിയിൽ നാല് സിഗ്മാ ഗാങിലെ കൊടുംകുറ്റവാളികളെ പൊലീസ് വെടിവെച്ചു കൊന്നു

ന്യൂഡൽഹി : ഡൽഹിയിൽ നാല് കൊടുംകുറ്റവാളികളെ പൊലീസ് വെടിവെച്ചു കൊന്നു. ബിഹാറിൽ നിന്നുള്ള ഗുണ്ടാസംഘമായ സിഗ്മാ ഗാങിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ബിഹാർ, ഡൽഹി പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് വെടിവെപ്പുണ്ടായത്. ഡൽഹിയിലെ ബഹാദൂർ ഷാ മാർഗിൽ പുലർച്ചെ 2.20 നാണ് വെടിവെപ്പ് നടന്നത്. ഇവർ ബിഹാർ തെരഞ്ഞെടുപ്പിൽ വലിയ തട്ടിപ്പിന് ഗൂഡാലോചോന നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
രഹസ്യ വിവരം ലഭിച്ച പൊലീസ് സംഘം പ്രതികളുടെ പിടികൂടാൻ ശ്രമിക്കുന്നതിനെയാണ് ഏറ്റുമുട്ടൽ. പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തു. തിരിച്ചുള്ള വെടിവെപ്പിൽ പ്രതികൾ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. രഞ്ജൻ പഥക് (25), ബിംലേഷ് മഹ്തോ (25), മനീഷ് പഥക് (33), അമൻ താക്കൂർ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ ഡോ. ബി.എസ്.എ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏറ്റുമുട്ടലിൽ കുറഞ്ഞത് രണ്ടോ മൂന്നോ പോലീസുകാർക്ക് പരിക്കേറ്റതായാണ് വിവരം. ഡിസിപി സഞ്ജീവ് യാദവിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നിവയുൾപ്പെടെ ബിഹാറിൽ നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ് ഇവർ. തലസ്ഥാനത്തെ ഇവരുടെ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനായി ഡൽഹി, ബിഹാർ പൊലീസുകൾ സംയുക്ത ശ്രമങ്ങൾ നടത്തിവരികയാണ്.