ഷോളയാര്‍ ഡാം വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണ് വയോധികന്; രക്ഷാകരം നീട്ടി പൊലീസ്

തൃശൂര്‍ : ഷോളയാര്‍ ഡാം വ്യൂ പോയിന്റില്‍ റോഡില്‍ നിന്ന് 15 അടി താഴ്ചയിലേക്ക് വീണ വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ് സബ് ഇന്‍സ്പെക്ടര്‍. കുടുംബത്തോടൊപ്പം എത്തിയ കുന്നംകുളം ആര്‍ത്താറ്റ് സ്വദേശിയായ വയോധികന് ഷോളയാര്‍ ഡാം വ്യൂ പോയിന്റില്‍ നിന്നും കാല് വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. പതിനഞ്ചടിയോളം താഴെയുള്ള പാറയിടുക്കില്‍ തടഞ്ഞു നിന്ന വയോധികനെയാണ് സബ് ഇന്‍സ്പെക്ടര്‍ ആസാദ് രക്ഷിച്ചത്. വയോധികനെ രക്ഷിച്ച ആസാദിന് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.
വയോധികന് കൊക്കയിലേക്ക് വീണത് കണ്ട് പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ ഉടനെ മലക്കപ്പാറ പൊലീസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ചു. മലക്കപ്പാറ പൊലീസ് സംഘം ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി. വയോധികന്റെ പ്രായവും ശാരീരിക ബുദ്ധിമുട്ടുകളും മനസ്സിലാക്കിയ സബ് ഇന്‍സ്പെക്ടര്‍ ആസാദ് ഫയര്‍ ഫോഴ്സിനെ കാത്തിരിക്കാന്‍ സമയമില്ലെന്നു മനസിലാക്കി അപകടകരമായ ചരിവും ഏറെ അപകടസാധ്യത നിറഞ്ഞതുമായ കൊക്കയിലേക്ക് വടത്തില്‍ പിടിച്ച് ഇറങ്ങി വയോധികന്റെ അടുത്തെത്തി. മറ്റു പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വയോധികനെ മുകളിലേക്ക് എത്തിക്കുകയും ചെയ്തു.