ഇന്തോനേഷ്യയിൽ 11 പേർ കയറിയ വിമാനം കാണാതായി

ജക്കാർത്ത : ഇന്തോനേഷ്യയിൽ 11 പേർ കയറിയ ചെറുവിമാനം കാണാതായി. ഇന്നലെ ഉച്ചയ്ക്കു യോഗ്യാകാർതയിൽനിന്നു സൗത്ത് സുലാവെസി പ്രവിശ്യയുടെ തലസ്ഥാനമായ മാകാസറിലേക്കു പോയ ഇന്തോനേഷ്യൻ എയർ ട്രാൻസ്പോർട്ടിന്റെ എടിആർ 42-500 പ്രാദേശിക യാത്രാവിമാനമാണു ജാവ, സുലാവെസി ദ്വീപുകൾക്കിടയിലുള്ള പർവതമേഖലയിൽ കാണാതായത്.
മാരോസ് ജില്ലയിലെ ബുലുസാരോംഗ് ദേശീയ പാർക്കിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 1.17ന് വിമാനം ട്രാക്ക് ചെയ്യപ്പെട്ടെങ്കിലും പിന്നീട് ബന്ധം നിലയ്ക്കുകയായിരുന്നു.
ബുലുസാരോംഗ് പർവതത്തിനുമുകളിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തകർ അവിടേക്കു തിരിച്ചിട്ടുണ്ട്. എട്ട് ക്രൂ അംഗങ്ങളും മറൈൻ വകുപ്പിലെയും ഫിഷറീസ് വകുപ്പിലെയും മൂന്നു ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്.



