ട്രംപിന് സമ്മാനമായി വിമാനം; 160 ബോയിങ് വിമാനങ്ങക്കും 14,200 കോടി ഡോളറിന്റെ ആയുധക്കച്ചവടത്തിനും ഖത്തർ കരാർ ഒപ്പുവച്ചു

ദോഹ : അമേരിക്കൻ വിമാനക്കമ്പനിയായ ബോയിങ്ങിൽനിന്ന് ഖത്തർ 160 വിമാനങ്ങൾ വാങ്ങും. 20,000 കോടി ഡോളറിന്റേതാണു കരാർ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഖത്തർ സന്ദർശനത്തിനിടെയാണു സുപ്രധാന കരാർ ഒപ്പുവച്ചത്. ബോയിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനക്കരാറാണിതെന്നു ട്രംപ് പറഞ്ഞു. ട്രംപിന് 40 കോടി ഡോളർ വില വരുന്ന വിമാനം സമ്മാനമായി നൽകുമെന്നും ഖത്തർ പ്രഖ്യാപിച്ചു.
യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണായി ഉപയോഗിക്കുന്നതിനാണ് ഈ വിമാനം. ഖത്തറിന്റെ സമ്മാനം അമേരിക്കയിൽ രാഷ്ട്രീയ വിവാദമായിട്ടുണ്ട്. സൗദി സന്ദർശനത്തിനുശേഷം ഖത്തറിലെത്തിയ ട്രംപ്, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയുമായി ചർച്ച നടത്തി. 23 വർഷത്തിനിടെ ആദ്യമായാണ് യുഎസ് പ്രസിഡന്റ് ഖത്തർ സന്ദർശിക്കുന്നത്. കഴിഞ്ഞദിവസം സൗദിയുമായി
യുഎസ് 60,000 കോടി ഡോളറിന്റെ നിക്ഷേപങ്ങൾക്കും 14,200 കോടി ഡോളറിന്റെ ആയുധക്കച്ചവടത്തിനും കരാർ ഒപ്പുവച്ചു.