ഉര്‍ദുഗാനെതിരെ പ്രതിഷേധിക്കാന്‍ പിക്കാച്ചുവും; പോലീസ് വടിയെടുത്തതോടെ ‘ക്യൂട്ടായി’ ഓട്ടം

അങ്കാറ : മുന്‍മേയര്‍ ഇക്രം ഇമാമോലുവിനെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയാണ് തുര്‍ക്കിയില്‍. 2028-ലെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാനെതിരെ മത്സരിക്കാനിരിക്കവെയാണ് ഇക്രം അറസ്റ്റിലായത്. പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനായി ഉര്‍ദുഗാന്‍ സര്‍ക്കാര്‍ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത് എന്നാരോപിച്ചും പ്രക്ഷോഭങ്ങള്‍ കനക്കുകയാണ്. പ്രതിഷേധം അടിച്ചമര്‍ത്തുന്ന പോലീസിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം പുറത്തുവന്ന ഒരു ‘സ്‌പെഷ്യല്‍’ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.
പ്രതിഷേധക്കാര്‍ക്കിടയില്‍ ജാപ്പനീസ് കോമിക് കഥാപാത്രമായ ‘പിക്കാച്ചു’വിന്റെ വേഷമിട്ടുവന്ന ഒരാളുടെ വീഡിയോകളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ‘ഉര്‍ദുഗാനെതിരെ പ്രതിഷേധിക്കാന്‍ പിക്കാച്ചുവും എത്തി’, എന്ന തലക്കെട്ടുകളോടെയാണ് വീഡിയോകള്‍ പ്രചരിക്കുന്നത്. ദിവസം വ്യക്തമല്ലാത്ത ഒരു രാത്രിയിലെ ദൃശ്യത്തില്‍ പോലീസ് വടിയെടുത്തതോടെ പ്രതിഷേധക്കാര്‍ ചിതറിയോടുന്നതും, കൂടെ ‘പിക്കാച്ചു’വും ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. എന്തായാലും, പിക്കാച്ചുവിന്റെ വേഷത്തില്‍ ‘ക്യൂട്ടായി’ ഓടുന്നയാളെ അന്വേഷിക്കുകയാണ് നെറ്റിസണ്‍സ്.
തന്റെ മുഖ്യ രാഷ്ട്രീയ എതിരാളിയായ ഇമാമോലു തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാന്‍ ഉര്‍ദുഗാന്‍ നടത്തുന്ന രാഷ്ട്രീയ നീക്കമായാണ് അദ്ദേഹത്തിന്റെ അറസ്റ്റ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്ച വീടുവളഞ്ഞ് കസ്റ്റഡിയിലെടുത്ത മേയറുടെ അറസ്റ്റ് ഞായറാഴ്ചയാണ് കോടതി ഔദ്യോഗികമായി രേഖപ്പെടുത്തിയത്. അഴിമതിക്കുറ്റം ചുമത്തി, മേയര്‍ സ്ഥാനത്തുനിന്ന് നീക്കിയ അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ജനങ്ങളുടെ പ്രതിഷേധം കനത്തത്. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരെയടക്കം ഉര്‍ദുഗാന്‍ സര്‍ക്കാര്‍ അറസ്റ്റുചെയ്തതായും ആരോപണമുണ്ട്.