അന്തർദേശീയം

ബംഗ്ലാദേശിൽ ഇന്ധനപ്പണം ചോദിച്ച പെട്രോൾ പമ്പ് ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി

ഢാക്ക : ബംഗ്ലാദേശിൽ ഇന്ധനപ്പണം ചോദിച്ച ഹിന്ദു യുവാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തി. ഇന്ധനത്തിന് പണം നൽകാത്തത് ചോദ്യം ചെയ്ത പെട്രോൾ പമ്പ് ജീവനക്കാരനെ മനഃപൂർവ്വം വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്.

ബംഗ്ലാദേശിലെ രാജ്ബാരി ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഈ ക്രൂരകൃത്യം നടന്നത്. സദർ ഉപസിലയിലെ ഇന്ധന സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന മുപ്പതുകാരനായ റിപ്പൺ സാഹയാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടിക്കിടെ മാരകമായി പരിക്കേറ്റ സാഹ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെയും (ബിഎൻപി) അതിന്റെ യുവജന വിഭാഗമായ യുബോ ദളിന്റെയും മുൻ നേതാവായ അബുൽ ഹാഷെം ഒരു കറുത്ത ലാൻഡ് ക്രൂയിസർ കാറിലാണ് പെട്രോൾ പമ്പിലെത്തിയത്. വാഹനത്തിന്റെ ടാങ്ക് നിറച്ച ശേഷം പണം നൽകാതെ അബുൽ ഹാഷെം കടന്നുകളയാൻ ശ്രമിച്ചു.

ഇത് ശ്രദ്ധയിൽപ്പെട്ട റിപ്പൺ സാഹ വാഹനം തടയാൻ പിന്നാലെ ഓടി. ഈ സമയം അബുൽ ഹാഷെമും ഡ്രൈവർ കമൽ ഹൊസൈനും ചേർന്ന് വണ്ടി റിപ്പണിന്റെ ദേഹത്തേക്ക് ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് ആരോപണം. വാഹനം റിപ്പണിന്റെ ദേഹത്തുകൂടി കയറിയിറങ്ങിയതോടെ മാരകമായി പരിക്കേറ്റ അദ്ദേഹം സഹായം ലഭിക്കുന്നതിന് മുമ്പ് തന്നെ മരിച്ചു.

സംഭവത്തിന് തൊട്ടുപിന്നാലെ പ്രതികൾ കാറുമായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പണം നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് ജീവനക്കാരനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൃത്യം ആസൂത്രിതമാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ വ്യാപക തിരച്ചിലിൽ അബുൽ ഹാഷെമിനെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി നിയമനടപടികൾ ആരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കൊലപാതകത്തെത്തുടർന്ന് പ്രദേശവാസികളും ഹിന്ദു സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികൾക്ക് കഠിനശിക്ഷ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രതിക്ക് രാഷ്ട്രീയ ബന്ധങ്ങളുള്ളതിനാൽ കേസ് വലിയ രാഷ്ട്രീയ ശ്രദ്ധയും പിടിച്ചുപറ്റിയിട്ടുണ്ട്.

രാഷ്ട്രീയ പശ്ചാത്തലം നോക്കാതെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഉറപ്പുനൽകി. ക്രമസമാധാനം നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button