കേരളം

നുണയുടെ കോട്ടകൾ തകർന്നു; പെരിയ ഇരട്ടക്കൊലക്കേസിൽ അന്യായമായി പ്രതി ചേര്‍ത്ത നാല് സിപിഐഎം നേതാക്കള്‍ ജയില്‍ മോചിതരായി

കണ്ണൂര്‍ : പെരിയ ഇരട്ടക്കൊലക്കേസിലെ അന്യായമായി പ്രതി ചേര്‍ത്ത നാല് സിപിഐഎം നേതാക്കള്‍ ജയില്‍ മോചിതരായി. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. കേസില്‍ സിബിഐ കോടതി ശിക്ഷിച്ച നാലു പേരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നാല് സിപിഐഎം നേതാക്കള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.

സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍, സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സ്വീകരിച്ചു. രാവിലെയോടെ ഹൈക്കോടതി ഉത്തരവ് ജയിലില്‍ എത്തിച്ചാണ് നാലു പേരേയും പുറത്തിറക്കിയത്. മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍, രാഘവന്‍ വെളുത്തോളി, കെ മണികണ്ഠന്‍, കെ വി ഭാസ്‌കരന്‍ എന്നിവരാണ് മോചിതരായത്. അഞ്ച് വര്‍ഷം തടവും 10,000 രൂപവീതം പിഴയുമാണ് സിബിഐ കോടതി ഇവര്‍ക്ക് വിധിച്ചിരുന്നത്.

സിപിഐഎമ്മിനെതിരായി കെട്ടിപ്പൊക്കിക്കൊണ്ടു വന്ന നുണയുടെ കോട്ടയാണ് ഹൈക്കോടതി വിധിയോടെ പൊളിഞ്ഞതെന്ന് ജയില്‍ മോചിതനായ കെ വി കുഞ്ഞിരാമന്‍ പ്രതികരിച്ചു. കേസില്‍ ഞങ്ങളെ പ്രതി ചേര്‍ക്കുമ്പോഴും, കുറ്റക്കാരാണെന്ന് പറഞ്ഞപ്പോഴും, കേസില്‍ ശിക്ഷിച്ചപ്പോഴും ഒരു തര്തതിലും പ്രതികരിച്ചിരുന്നില്ല. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുള്ളതിനാല്‍, ഞങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാധ്യമങ്ങളോട് ഒരു പ്രതികരണത്തിനും മുതിരാതിരുന്നതെന്ന് കെ വി കുഞ്ഞിരാമന്‍ പറഞ്ഞു.

ഈ ഘട്ടങ്ങളിലെല്ലാം പാര്‍ട്ടി വലിയ പിന്തുണയാണ് നല്‍കിയത്. ഞങ്ങള്‍ നിരപരാധികളാണ്, സിപിഐഎമ്മിനെതിരായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളതെന്ന് ഉറച്ചു വിശ്വസിക്കുകയും, ഇതില്‍ നിന്നും മോചനം നേടി വരാനായിട്ടുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിത്തരുന്നതില്‍ കേരളത്തിലെമ്പാടുമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും വലിയ പിന്തുണയും സഹായവും നല്‍കി. പ്രതിസന്ധി അതിജീവിക്കാന്‍ പാര്‍ട്ടിയെ സഹായിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും കെ വി കുഞ്ഞിരാമന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button