മാധ്യമ സ്വതന്ത്രത്തിലേക്ക് കടന്നകയറാൻ സർക്കാർ നീക്കം; ചെക്ക് റിപ്പബ്ലിക്കില്‍ തെരുവിലിറങ്ങി ജനങ്ങൾ

പ്രാഗ് : പൊതുമേഖലയിലെ മാധ്യമങ്ങളുടെ ഫണ്ടിങ് രീതിയിൽ മാറ്റം വരുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിൽ വന്‍ പ്രതിഷേധം.
മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തെ പുതിയ പരിഷ്കാരം ദുർബലപ്പെടുത്തുമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ‘മില്യൺ മൊമെന്റ്സ് ഫോർ ഡെമോക്രസി’ എന്ന സംഘടനയാണ് ഞായറാഴ്ചത്തെ റാലി സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം പ്രാഗിലെ ലെറ്റ്ന പാർക്കിലാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ചെക്ക് ടെലിവിഷനിൽ പതിറ്റാണ്ടുകളായി രാത്രികാലങ്ങളിൽ കുട്ടികൾക്കായി അവതരിപ്പിക്കുന്ന കഥാപരിപാടിയിലെ അനിമേഷൻ കഥാപാത്രത്തോടുള്ള ആദരസൂചകമായി, പത്രം കൊണ്ട് മടക്കിയുണ്ടാക്കിയ കൂർത്ത തൊപ്പികൾ ധരിച്ചാണ് പലരും പ്രതിഷേധത്തിനെത്തിയത്.
ശതകോടീശ്വരനായ പ്രധാനമന്ത്രി ആന്ദ്രേജ് ബാബിസിന്റെ നേതൃത്വത്തിലുള്ള സർക്കാർ, കഴിഞ്ഞ മാസം പാര്‍ലെമന്റില്‍ അവതരിപ്പിച്ച ബില്ലാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. നിലവിൽ ഓരോ വീട്ടിൽ നിന്നും മാസം തോറും ഈടാക്കുന്ന 205 ക്രൗൺ (ഏകദേശം 9.45 ഡോളർ) പ്രക്ഷേപണ ഫീസ് നിർത്തലാക്കി, പകരം പൊതു ബജറ്റിൽ നിന്ന് മാധ്യമങ്ങൾക്ക് ഫണ്ട് നൽകുമെന്നാണ് ബില്‍ പറയുന്നത്. എന്നാൽ, ഇത് മാധ്യമങ്ങളെ ‘പിടിക്കാനുള്ള’ സര്‍ക്കാരിന്റെ നീക്കമാണെന്നും മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുമെന്നും പ്രതിപക്ഷവും മാധ്യമപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. സർക്കാർ മാധ്യമങ്ങൾ, പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്ന് ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് പൊതുമേഖല മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനുള്ള സര്‍ക്കാര്‍ നീക്കം.
‘വിമർശകരെ നിശബ്ദരാക്കാനും ജനാധിപത്യ സ്ഥാപനങ്ങളെ സ്വന്തം സ്വത്ത് പോലെ കൈകാര്യം ചെയ്യാനും സാധിക്കുമെന്നാണ് ബാബിസും സർക്കാരും കരുതുന്നത്, എന്നാല്‍ നീക്കം ചെറുക്കും’- സംഘാടകർ വ്യക്തമാക്കി. അതേസമയം എഡിറ്റോറിയൽ സ്വാതന്ത്ര്യത്തെയോ പരിപാടികളുടെ ഉള്ളടക്കത്തെയോ ഈ മാറ്റം ബാധിക്കില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. രാജ്യത്ത് മാധ്യമങ്ങളിലുള്ള പൊതുവിശ്വാസം 30 മുതൽ 33 ശതമാനം വരെ മാത്രമാണെങ്കിലും, ഏറ്റവും കൂടുതൽ വിശ്വാസ്യതയുള്ള വാർത്താ ഉറവിടങ്ങളിൽ ഒന്നാണ് പൊതുമേഖലാ മാധ്യമങ്ങൾ.



