ഖത്തറിൻറെ ബോയിങ് 747 ആഡംബര വിമാനം സമ്മാനം ട്രംപിനു വേണ്ടി പെന്റഗൺ ഏറ്റുവാങ്ങി

വാഷിങ്ടൻ : ബോയിങ് 747 ആഡംബര വിമാനം സമ്മാനമായി തരാമെന്ന് ഖത്തറിൽനിന്ന് ഓഫർ വരുമ്പോൾ വേണ്ടെന്നു വയ്ക്കാൻ താനൊരു മണ്ടനല്ലെന്നു പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വേണ്ടി പെന്റഗൺ അത് ഏറ്റുവാങ്ങി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കഴിഞ്ഞ ദിവസം ഔദ്യോഗികമായി കൈപ്പറ്റിയ വിമാനം പ്രസിഡന്റിന്റെ ഔദ്യോഗിക ആവശ്യത്തിനുള്ള എയർ ഫോഴ്സ് വൺ ആക്കുന്ന കാര്യം എയർ ഫോഴ്സും ഏറ്റെടുത്തു.
വിദേശത്തുനിന്ന് ഇത്ര വിലകൂടിയ സമ്മാനം സ്വീകരിക്കുന്നതു കൈക്കൂലിക്കു സമാനമാണെന്ന ആരോപണവുമായി ഡെമോക്രാറ്റിക് പാർട്ടി വന്നതോടെ യുഎസിൽ ഇതു പുതിയ വിവാദമായി.
പ്രസിഡന്റിന് ഉപയോഗിക്കാൻ ഇപ്പോഴുള്ള 2 എയർ ഫോഴ്സ് വൺ വിമാനങ്ങൾക്ക് 35 കൊല്ലത്തെ പഴക്കമുണ്ട്. ഖത്തർ സമ്മാനമായി നൽകിയ ബോയിങ്ങിന് 13 കൊല്ലത്തെ പഴക്കമേയുള്ളൂ. പക്ഷേ, ഇതിനെ എയർ ഫോഴ്സ് വൺ ആയി പുതുക്കിയെടുക്കാൻ 100 കോടി ഡോളറെങ്കിലും വേണ്ടിവരും.
പുതിയൊരു ബോയിങ് 747 വിമാനത്തിന് ഏകദേശം 40 കോടി ഡോളറാണ് (3396 കോടി രൂപ) വില. പുത്തൻ വിമാനം ലഭിക്കാനുള്ള കാലതാമസം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഖത്തറിന്റെ സമ്മാനം സ്വീകരിച്ചത്.