‘നമുക്കു സമാധാനത്തിൽ ഒറ്റ ജനതയാവാം’: ലിയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യ പ്രസംഗം

വത്തിക്കാൻ : എഴുതിത്തയാറാക്കിയ പ്രസംഗവുമായാണ് ലിയോ പതിനാലാമൻ മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിലെത്തിയത്. അതൊരു പുതുമയായിരുന്നു. എല്ലാവർക്കും സമാധാനം ആശംസിച്ചുകൊണ്ടു തുടങ്ങുന്നതിന് അദ്ദേഹം കാരണം പറഞ്ഞു: ‘‘ഉത്ഥിതനായ ക്രിസ്തുവിന്റെ ആദ്യ വാക്കുകൾ അവയായിരുന്നു’’.
പാപ്പ ഇറ്റാലിയൻ ഭാഷയിൽ തുടർന്നു പറഞ്ഞു: ‘‘ഫ്രാൻസിസ് പാപ്പയുടെ ദുർബലമെങ്കിലും ശക്തമായ ശബ്ദം ഇപ്പോഴും നമ്മുടെ കാതുകളിലുണ്ട്. അദ്ദേഹം റോമിനെ ആശീർവദിച്ചു. ആ ഈസ്റ്റർ ദിനത്തിൽ രാവിലെ പാപ്പ ആശീർവദിച്ചതു റോമിനെ മാത്രമല്ല, ലോകത്തെയാകമാനമാണ്. ആ ആശീർവാദം തുടരാൻ എന്നെ അനുവദിക്കുക. ദൈവം നമ്മെ സ്േനഹിക്കുന്നു, എല്ലാവരെയും സ്നേഹിക്കുന്നു. തിന്മ നിലനിൽക്കില്ല. നാമെല്ലാം ദൈവകരങ്ങളിലാണ്. അതുകൊണ്ട്, ഭയപ്പെടാതെ, ഐക്യത്തോടെ ദൈവത്തോടു കൈകോർത്തു മുന്നോട്ടുപോകാം.
നമ്മൾ ക്രിസ്തുവിന്റെ ശിഷ്യരാണ്. ക്രിസ്തുവാണ് നമുക്കു മുൻപേ നടക്കുന്നത്. ലോകത്തിനു ക്രിസ്തുവിന്റെ വെളിച്ചം ആവശ്യമുണ്ട്. ദൈവത്തിലേക്കുള്ള പാലമായി മനുഷ്യകുലത്തിനു ക്രിസ്തുവിന്റെ പരിധിയില്ലാത്ത സ്നേഹം വേണം. നമുക്കു സംഭാഷണങ്ങളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും പാലങ്ങൾ പണിയാൻ ശ്രമിക്കാം, അങ്ങനെ നമുക്കു സമാധാനത്തിൽ ജീവിക്കുന്ന ഒറ്റ ജനതയാവാം.
ഫ്രാൻസിസ് പാപ്പയോട് അഗാധമായ നന്ദിയുണ്ട്. പത്രോസിന്റെ പിൻഗാമിയായി എന്നെ തിരഞ്ഞെടുത്ത കർദിനാൾമാരോടു ഹൃദ്യമായ നന്ദിയുണ്ട്, നിങ്ങൾക്കൊപ്പം ഏകസഭയായി മുന്നോട്ടു പോകുന്നതിന്, എപ്പോഴും സമാധാനവും നീതിയും തേടുന്നതിന്, ക്രിസ്തുവിനെ പിന്തുടരുന്ന എല്ലാ പുരുഷൻമാർക്കും സ്ത്രീകൾക്കുമൊപ്പം പ്രവർത്തിക്കുന്നതിന്, ഭയമില്ലാതെ സുവിശേഷം പ്രഘോഷിക്കുന്നതിനു പ്രത്യാശയുടെ യഥാർഥ മിഷനറിമാരായിരിക്കുന്നതിന്.
ഞാൻ വിശുദ്ധ അഗസ്റ്റിന്റെ മകനാണ്, ഞാൻ അഗസ്റ്റിന്റെ വാക്കുകളോർക്കുന്നു: നിങ്ങൾക്കൊപ്പം ഞാനൊരു ക്രൈസ്തവനാണ്, നിങ്ങൾക്ക് ഞാനൊരു ബിഷപ്പും. ആ ചൈതന്യത്തിൽ, ദൈവം ഒരുക്കിയിരിക്കുന്ന ആ ഭവനത്തിലേക്ക് നമുക്ക് യാത്ര ചെയ്യാം.
സഭയ്ക്കു ഞാൻ പ്രത്യേകമായ ആശംസ നേരുന്നു. നമ്മൾ മിഷനറി സഭയാകാൻ പരിശ്രമിക്കണം, പാലങ്ങൾ പണിയുന്ന, സംഭാഷണങ്ങൾ ആഗ്രഹിക്കുന്ന, എല്ലാവരെയും തുറന്ന കരങ്ങളോടെ സ്വാഗതം ചെയ്യുന്ന സഭ. നമ്മുടെ സാന്നിധ്യം സഹാനുഭൂതിയുടേതും ഒത്തുചേരലിന്റേതുമാവട്ടെ, സ്നേഹത്തിൽ വേരുറപ്പിച്ചതും – ലിയോ പാപ്പ പറഞ്ഞു.
താൻ പ്രവർത്തിച്ച പെറുവിലെ ചിക്‌ലയോ രൂപതയിൽനിന്നുള്ളവർക്ക് പാപ്പ സ്പാനിഷ് ഭാഷയിൽ ആശംസകൾ നേർന്നു.
വീണ്ടും ഇറ്റാലിയൻ ഭാഷയിൽ പ്രസംഗം തുടർന്ന പാപ്പ, ദുർബലരോടു സഹാനുഭൂതി കാട്ടാൻ ആഹ്വാനം ചെയ്തു. കന്യാമാതാവിന് സ്നേഹത്താൽ ഇടപെടാനുളള താൽപര്യത്തെക്കുറിച്ചു പറഞ്ഞു. നന്മനിറഞ്ഞ മറിയമേ ചൊല്ലി അദ്ദേഹം ആദ്യ ഭാഷണം അവസാനിപ്പിച്ചു.