അതിരപ്പിള്ളി റൂട്ടില്‍ വീണ്ടും കാട്ടാനയെ പ്രകോപിപ്പിച്ച് യാത്രക്കാര്‍

തൃശൂര്‍ : അതിരപ്പിള്ളി റൂട്ടില്‍ വീണ്ടും കാട്ടാനയെ പ്രകോപിപ്പിച്ച് യാത്രക്കാര്‍. തമിഴ്‌നാട് സ്വദേശികളായ ബൈക്ക് യാത്രികരാണ് കാട്ടാനയെ പ്രകോപിപ്പിച്ചത്. വന്യമൃഗങ്ങളെ പ്രകോപിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന വനം വകുപ്പിന്റെ ഉത്തരവിറങ്ങിയതിനു പിന്നാലെയാണ് സംഭവം.
അതിരപ്പിള്ളി മലക്കപ്പാറ പാതയില്‍ പോത്തുപാറ ഉന്നതിക്ക് സമീപമാണ് ബൈക്ക് യാത്രികര്‍ ആനയെ പ്രകോപിപ്പിച്ചത്. റോഡില്‍ ആനയെ കണ്ട ബൈക്ക് യാത്രികര്‍ ആനക്കരകിലെത്തി പ്രകോപിപ്പിക്കുകയായിരുന്നു. പിന്നീട് ആന ബൈക്ക് യാത്രികരെ ഓടിച്ചു. റോഡില്‍ കയറാതെ ഒതുങ്ങിനിന്ന ആനയ്ക്ക് സമീപത്തേക്കു ചെല്ലുന്നതും അതിനെ പ്രകോപിപ്പിക്കുന്നതും വിഡിയോയില്‍ കാണാം.
മദപ്പാടിലുള്ള കബാലിക്കുനേരേ ഹോണടിച്ചുകൊണ്ട് കാര്‍കയറ്റിയ തമിഴ്‌നാട് സംഘത്തിനെതിരേ വനം വകുപ്പ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. വന യാത്രയില്‍ മൃഗങ്ങളെ കാണുമ്പോള്‍ വാഹനത്തില്‍ നിന്നിറങ്ങരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ വനം വകുപ്പ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും ആരും പാലിക്കാറില്ല.
ആനമല റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ വന്യ മൃഗങ്ങളുടെ സാന്നിധ്യമുള്ളിടത്ത് അടിയന്തര ഘട്ടങ്ങളില്‍ വനം വകുപ്പിന്റെ 9188407532, 8547601953, 8547601915 എന്നീ എമര്‍ജന്‍സി സെന്ററുകളിലെ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് വാഴച്ചാല്‍ ഡിഎഫ്ഒ ഐഎസ് സുരേഷ്ബാബു അറിയിച്ചു.



