പൗള ഹെൽത്ത് ഹബ് ഈ വർഷം അവസാനത്തോടെ , പ്രഖ്യാപനവുമായി മാൾട്ടീസ് സർക്കാർ

പ്രഖ്യാപിച്ചതിൽ നിന്നും അഞ്ചുവർഷങ്ങൾക്ക് ശേഷം ഈ വർഷം അവസാനത്തോടെ പൗള ഹെൽത്ത് ഹബ് തുറക്കുന്നു.
ഫൗണ്ടേഷൻ ഫോർ മെഡിക്കൽ സർവീസസ് പ്രോഗ്രാം ഓഫ് വർക്ക്സ് അനുസരിച്ച് ഈ വർഷം തന്നെ സെന്റർ സേവനം നൽകാൻ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി ജോ എറ്റിയെൻ അബേല പറഞ്ഞു. മാൾട്ടയുടെ തെക്ക് ഭാഗത്തുള്ള ഏകദേശം 130,000 ആളുകൾക്ക് സേവനം നൽകാൻ ഉദ്ദേശിച്ചുള്ള വിൻസെന്റ് മോറാൻ ഹെൽത്ത് സെന്റർ, 2020 ൽ തുറക്കാനായിരുന്നു പദ്ധതി.
പ്രൊജക്റ്റിന്റെ നിർമ്മാണം ഏറ്റെടുത്ത എസ്പി ബിബി ഇന്റർനാഷണൽ ജെവി കൺസോർഷ്യം ടെൻഡർ പ്രക്രിയയിൽ വഴിവിട്ട ഇടപെടൽ നടത്തിയതിനാൽ പദ്ധതി ആദ്യഘട്ടത്തിൽ തന്നെ ഒരു വർഷം പിന്നോട്ടായി. ഒടുവിൽ എർഗൺ-ടെക്നോലൈൻ എന്ന കൺസോർഷ്യത്തിന് പദ്ധതി നൽകി. എന്നാലും ലിഫ്റ്റുകൾ, ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികൾ, ആരോഗ്യം, സുരക്ഷ എന്നിവയുൾപ്പെടെ കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ നിരവധി കംപ്ലയൻസ് സർട്ടിഫിക്കറ്റുകൾ കൺസോർഷ്യം നൽകാത്തതിനെത്തുടർന്ന് സർക്കാർ പിന്നീട് എർഗോൺ-ടെക്നോലൈനുമായുള്ള കരാർ റദ്ദാക്കി.നിയമപോരാട്ടത്തെത്തുടർന്ന്, ഒക്ടോബറിൽ സർക്കാർ ആശുപത്രി ഏറ്റെടുത്തു, എന്നാൽ രോഗികൾക്ക് സേവനം എപ്പോൾ നൽകാനാകുമെന്ന് ഉറപ്പുനൽകാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. ഈ തടസങ്ങൾ നീക്കിയാണ് പൗള ഹെൽത്ത് ഹബ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്