ആശ്വാസത്തോടെ വയനാട്; പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച നരഭോജി കടുവ ചത്തു
വയനാട് : മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ചത്തു. രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തി ഭക്ഷിച്ച നരഭോജിക്കടുവയാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. കടുവ ചത്ത വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു. ഓപ്പറേഷനിടയില്‍ ദൗത്യസംഘമാണ് ചത്തനിലയില്‍ കടുവയെ കണ്ടെത്തിയത്. കടുവയുടെ ശരീരത്തില്‍ മുറിവുകളുണ്ട്. രാധയുടെ കൊലയ്ക്ക് ശേഷം വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കും തെരച്ചിലിനും വിവാദങ്ങള്‍ക്കും ഒടുവിലാണ് നാലാംനാള്‍ പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച കടുവയുടെ മൃതദേഹം ലഭിക്കുന്നത്.
ദൗത്യസംഘത്തിന്റെ നൈറ്റ് പട്രോളിംഗിനിടെ പുലര്‍ച്ചെ 2.30ഓടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ മരണകാരണം അറിയാന്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടം വേണ്ടിവരുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇന്നുതന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിക്കും. കടുവയുടെ ദേഹത്ത് ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇന്നലെ പിലാക്കാവ് പ്രദേശത്ത് കടുവയെ കണ്ടതായി ദൗത്യസംഘം അറിയിച്ചിരുന്നു. ഇന്ന് കടുവയുടെ കാല്‍പ്പാട് കണ്ട് പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ കടുവ ചത്തുകിടക്കുന്നതായി കണ്ടത്. കടുവയുടെ ദേഹത്തെ വരകള്‍ പരിശോധിച്ച് ചത്തത് നരഭോജി കടുവ തന്നെയെന്ന് ഉറപ്പിച്ചിട്ടുണ്ട്. വനംമന്ത്രി എ കെ ശശീന്ദ്രന്‍ രാവിലെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലിയിലാകെ ആശങ്ക പരത്തിയ കടുവയെ കണ്ടെത്തി കൊല്ലാന്‍ 10 സംഘങ്ങളെയാണ് നിയോഗിച്ചിരുന്നത്. പഞ്ചാരക്കൊല്ലി മേഖലയില്‍ ഇന്ന് കര്‍ഫ്യുവും പ്രഖ്യാപിച്ചിരുന്നു.