പാനമ കനാലിന്റെ തുറമുഖങ്ങളുടെ നിയന്ത്രണം ഹോങ്കോംഗ് കമ്പനിയിൽ നിന്ന് പാനമ സർക്കാർ പിടിച്ചെടുത്തു

പാനമ സിറ്റി : ഹോങ്കോങ് ആസ്ഥാനമായുള്ള സി.കെ. ഹച്ചിസൺ കമ്പനിയിൽ നിന്ന് പാനമ കനാലിന്റെ ഇരുവശങ്ങളിലുമുള്ള രണ്ട് പ്രധാന തുറമുഖങ്ങളുടെ നിയന്ത്രണം പാനമ സർക്കാർ പിടിച്ചെടുത്തു. രാജ്യത്തെ സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ബാൽബോവ, ക്രിസ്റ്റോബൽ എന്നീ ടെർമിനലുകളുടെ ഭരണപരവും പ്രവർത്തനപരവുമായ നിയന്ത്രണം ഏറ്റെടുത്തത്.
അടിയന്തര സാമൂഹിക താൽപ്പര്യം മുൻനിർത്തിയാണ് തുറമുഖങ്ങൾ കൈവശപ്പെടുത്താൻ പാനമ മാരിടൈം അതോറിറ്റിക്ക് അനുമതി നൽകിയതെന്ന് സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നു. കമ്പ്യൂട്ടർ സംവിധാനങ്ങൾ, ക്രെയിനുകൾ എന്നിവയുൾപ്പെടെയുള്ള തുറമുഖത്തെ എല്ലാ വസ്തുവകകളും ഏറ്റെടുക്കാൻ അധികൃതർക്ക് അധികാരമുണ്ട്. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി വീണ്ടുമെത്തിയതോടെ ചൈനയും അമേരിക്കയും പാനമയും തമ്മിലുണ്ടായ ത്രികോണ പോരാട്ടത്തിന്റെ പുതിയ അധ്യായമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷമായി നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ ഒടുവിലത്തെ വഴിത്തിരിവാണിത്.
തങ്ങളുടെ അനുബന്ധ സ്ഥാപനമായ പാനമ പോർട്ട്‌സിനെതിരെ പാനമ ഭരണകൂടം നടത്തുന്ന നീക്കങ്ങൾ നിയമവിരുദ്ധമാണെന്ന് സി.കെ. ഹച്ചിസൺ വ്യക്തമാക്കി. കഴിഞ്ഞ മാസം കോടതി വിധി വന്നതിനെത്തുടർന്ന് കമ്പനിക്കെതിരെ സർക്കാർ നടത്തുന്ന കാമ്പയിന്റെ ഭാഗമാണിതെന്ന് അവർ ആരോപിക്കുന്നു. 2021ൽ 25 വർഷത്തേക്ക് പുതുക്കിയ കമ്പനിയുമായുള്ള കരാർ ഭരണഘടനാ വിരുദ്ധമാണെന്ന് പാനമ സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധി ലജ്ജാകരമാണെന്നും അസംബന്ധമാണെന്നും ചൈനീസ് ഗവൺമെന്റിന്റെ ഹോങ്കോങ് ആൻഡ് മക്കാവു അഫയേഴ്‌സ് ഓഫീസ് പ്രതികരിച്ചു. ഇതിന് പാനമ വലിയ രാഷ്ട്രീയ-സാമ്പത്തിക വില നൽകേണ്ടി വരുമെന്നും ചൈന മുന്നറിയിപ്പ് നൽകി.
പാനമ കനാൽ ചൈനയാണ് പ്രവർത്തിപ്പിക്കുന്നതെന്ന് 2024 ഡിസംബറിൽ ട്രംപ് ആരോപിക്കുകയും, ആവശ്യമെങ്കിൽ സൈനിക ബലമുപയോഗിച്ച് അത് തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോടതി വിധിയും പിന്നാലെ സർക്കാർ നടപടിയുമുണ്ടായിരിക്കുന്നത്.
ചൈനയുടെ ഭീഷണികളെ പാനമ പ്രസിഡന്റ് ജോസ് റൗൾ മുലിനോ തള്ളിക്കളഞ്ഞു. പാനമ നിയമവാഴ്ചയിൽ വിശ്വസിക്കുന്ന രാജ്യമാണെന്നും കേന്ദ്ര ഗവൺമെന്റിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന നീതിന്യായ വ്യവസ്ഥയുടെ തീരുമാനങ്ങളെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ മുന്നറിയിപ്പുകൾ തങ്ങൾ പൂർണ്ണമായും നിരസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.



