ഇന്ന് ഓശാന ഞായര്‍, ദേവാലയങ്ങളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍

കൊച്ചി : ഇന്ന് ഓശാന ഞായര്‍. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുളള യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍. യേശുദേവനെ ഒലിവ് മരച്ചില്ലകള്‍ വീശി ജറുസലേമില്‍ ജനസമൂഹം വരവേറ്റതിന്റെ ഓര്‍മ പുതുക്കുകയാണ് കുരുത്തോലപ്പെരുന്നാള്‍ ദിനത്തില്‍ വിശ്വാസികള്‍. ഓശാന ഞായറിന്റെ ഭാഗമായി വിവിധ ക്രിസ്തീയ ദേവാലയങ്ങളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ നടക്കും.
കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും വചന സന്ദേശവും ഉള്‍പ്പെടെയുള്ള ശുശ്രൂഷകളും ഇന്ന് ദേവാലയങ്ങളില്‍ നടക്കും. 50 ദിനം നീളുന്ന വലിയ നോമ്പിന്റെ അവസാന വാരത്തിലേക്കു ക്രൈസ്തവ സമൂഹം പ്രവേശിക്കുമ്പോള്‍ പീഡാനുഭവ വാരാചരണത്തിന് കൂടി ഇന്ന് തുടക്കമാവുകയാണ്. യേശുവിന്റെ ജറുസലേം പ്രവേശനം മുതല്‍ അന്ത്യ അത്താഴത്തിന്റെയും കാല്‍വരിക്കുന്നിലെ കുരിശു മരണത്തിന്റെയും ഉയിര്‍പ്പു തിരുനാളിന്റെയും വിശുദ്ധവാരമാണ് ഇനിയുള്ള ദിവസങ്ങള്‍.