പാലക്കാട്ടെ ബിജെപി ഇടർച്ച പ്രകടം, യുഡിഎഫിനും എൽഡിഎഫിനും നഗരത്തിൽ വോട്ട് കൂടി
പാലക്കാട്: ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ബിജെപിയെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ലീഡു പിടിച്ചു. നാലു റൗണ്ട് പൂർത്തിയായപ്പോൾ 1498 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മുന്നേറുകയാണ്.വോട്ടെണ്ണലിന്റെ ആദ്യ ഘടത്തിൽ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ മുന്നേറിയിരുന്നെങ്കിലും പിന്നീട് പിന്നിലേക്ക് പോവുകയായിരുന്നു.
നഗരമേഖലയിലെ വോട്ടെണ്ണുമ്പോൾ ബിജെപി മുന്നിലായിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്.കോൺഗ്രസിലേക്കാണ് ബിജെപി വോട്ടുകൾ ചോർന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിക്ക് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടി. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ.പി. സരിന് 111 വോട്ടും വർധിച്ചു.രാഹുൽ ലീഡുനേടിയതോടെ ട്രോളി ബാഗുകളുമായി യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു.
നഗരസഭയിലെ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലായ ഒന്ന്, മൂന്ന് റൗണ്ടുകളിലും ബിജെപി പിന്നിലേക്കു പോയത്. നാലാം റൗണ്ടിൽ ബിജെപി നേരിയ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചിരുന്നത്.
ബിജെപി ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെട്ട അഞ്ചാം റൗണ്ട് അന്തിമഫലത്തിൽ നിർണായകമാകും. മൂത്താന്തറ, വടക്കന്തറ സൗത്ത്, വടക്കന്തറ സെൻട്രൽ അടക്കമുള്ള ബൂത്തുകളാണ് അഞ്ചാം റൗണ്ടിൽ എണ്ണുന്നത്. യുഡിഎഫ് വൻ വിജയം കണ്ട കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി 5,785 വോട്ടുമായി വൻ കുതിപ്പുണ്ടാക്കിയ മേഖലയാണിത്. 2,893 വോട്ട് മാത്രമാണ് യുഡിഎഫിനു ലഭിച്ചിരുന്നത്.
ഇതും കഴിഞ്ഞാൽ തുടർന്ന് യുഡിഎഫിനും എൽഡിഎഫിനും സ്വാധീനമുള്ള മേഖലയിലാണ് വോട്ടെണ്ണൽ നടക്കുക. അഞ്ചാം റൗണ്ടിലും ഭൂരിപക്ഷം തിരിച്ചുപിടിക്കാനായില്ലെങ്കിൽ ബിജെപിയുടെ വിജയപ്രതീക്ഷകൾ അസ്തമിക്കുമെന്നുറപ്പാണ്.
അതേസമയം, ബിജെപിക്ക് വലിയ സ്വാധീനമുള്ള നഗരത്തിലെ കൽപ്പാത്തി മേഖലയിൽ എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് 2,231 സീറ്റ് വോട്ടാണ് ഇവിടെ ലഭിച്ചത്. ഇത്തവണ 850ഓളം വോട്ട് ആണ് സരിൻ അധികമായി പിടിച്ചിരിക്കുന്നത്.