കാസര്‍കോട് ഹനാന്‍ ഷായുടെ സംഗീത പരിപാടിയ്ക്കിടെ തിക്കും തിരക്കും; ഇരുപതിലേറെ പേര്‍ക്ക് പരിക്ക്

കാസര്‍കോട് : സംഗീതപരിപാടിയ്ക്കിടെ കാസര്‍കോട് തിക്കിലും തിരക്കിലുംപെട്ട് ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസ്. പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്നുള്‍പ്പെടെ വകുപ്പുകള്‍ പ്രകാരമാണ് സംഘാടകരായ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡിനു സമീപമുള്ള മൈതാനത്ത് സംഘടിപ്പിച്ച ഹനാന്‍ ഷായുടെ സംഗീതപരിപാടിക്കിടെയായിരുന്നു അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്.
പരിപാടി ആരംഭിക്കുന്നതിന് മുന്‍പേ ആളുകള്‍ തടിച്ചുകൂടുകയും തിക്കും തിരക്കും ഉണ്ടാകുകയുമായിരുന്നു. ഇതിനിടെ ഇരുപതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ഇവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. ഉള്‍ക്കൊള്ളാവുന്നതിലുമേറെ ആളുകള്‍ പരിപാടിയ്ക്ക് എത്തിയതാണ് അപകടകാരണം. അപകടത്തില്‍ പെട്ടവരുടെ നില ഗുരുതരമല്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പൊലിസ് പറഞ്ഞു.
തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസിന്റെ നിര്‍ദേശപ്രകാരം സംഗീത പരിപാടി പകുതിയില്‍ അവസാനിപ്പിച്ചു. പൊലീസ് ലാത്തിവീശിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ജില്ലാ പൊലിസ് മേധാവി ബി.വി. വിജയ്ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് സ്ഥലത്തെത്തിയത്. ജില്ലാ പൊലീസ് മോധാവി തന്നെ ജാഗ്രത പാലിക്കണമെന്ന് മൈക്കിലൂടെ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ പരിപാടി കാണാനായി എത്തിയവരെ പാതയോരത്ത് വച്ച് പൊലീസ് ലാത്തി വീശി വിരട്ടിയോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. ചിലര്‍ കുറ്റിക്കാട്ടിലെ കുഴിയില്‍ വീണു.



