മലമ്പുഴ അണക്കെട്ടിൽ മഹാശിലാ യുഗത്തിലെ നൂറിലധികം നിര്‍മിതികള്‍ എഎസ്ഐ കണ്ടെത്തി

പാലക്കാട് : പാലക്കാട്ടെ മലമ്പുഴ അണക്കെട്ടിന് സമീപം മഹാശിലാ യുഗത്തിലെ നൂറിലധികം നിര്‍മിതികള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) കണ്ടെത്തി. മലമ്പുഴ അണക്കെട്ടിന് സമീപം നടത്തിയ പര്യവേഷണത്തിലാണ് ദ്വീപ് പോലെ കുന്നുകളില്‍ വ്യാപിച്ചുകിടക്കുന്ന മെഗാലിത്തിക് നിര്‍മിതികള്‍ കണ്ടെത്തിയത്. സര്‍വേയില്‍ 45 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന നിലയിലാണ് മഹാശിലാ യുഗത്തിലെ 110ലധികം നിര്‍മിതികള്‍ കണ്ടെത്തിയതെന്ന് എഎസ്ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മഹാശിലാ യുഗത്തിലെ നിര്‍മിതികള്‍ ചുണ്ണാമ്പ് കൊണ്ടോ സിമന്റ് കൊണ്ടോ നിര്‍മിച്ചത് അല്ല. പലപ്പോഴും പരുക്കന്‍ കല്ലുകള്‍ ഉപയോഗിച്ച് ശവസംസ്‌കാരത്തിനായി നിര്‍മ്മിച്ച നിര്‍മിതികളാണ് ഇവ. നവശിലായുഗത്തിലും വെങ്കല യുഗത്തിലും ഇത്തരം അറകള്‍ സാധാരണമായിരുന്നു. ശവ സംസ്‌കാരത്തിനായി ഉപയോഗിച്ച മിക്ക അറകളും പ്രാചീന കല്ലറകളാണ്. തൊപ്പിക്കല്ല്, നന്നങ്ങാടി പോലുള്ള പ്രാചീന കല്ലറകളാണ് കണ്ടെത്തിയതെന്നും എഎസ്ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ നിര്‍മിതികള്‍ പ്രധാനമായും കൂറ്റന്‍ ഗ്രാനൈറ്റ് സ്ലാബുകളും പാറക്കല്ലുകളും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിലതില്‍ വെട്ടുകല്ലുകളും ഉള്‍പ്പെടുന്നതായും എഎസ്‌ഐ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
മഹാശിലാ യുഗത്തിലെ നിര്‍മിതികള്‍ ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ കാണപ്പെടുന്നു. കര്‍ണാടകയിലെ ബ്രഹ്മഗിരിയും തമിഴ്നാട്ടിലെ ആദിച്ചനല്ലൂരുമാണ് ഏറ്റവും ശ്രദ്ധേയമായ സ്ഥലങ്ങള്‍. വലിയ തോതില്‍ മഹാശില യുഗത്തിലെ നിര്‍മിതികള്‍ കണ്ടെത്തിയത് കേരളത്തിലെ ആദ്യകാല ഇരുമ്പുയുഗ സമൂഹത്തെയും വിശ്വാസ വ്യവസ്ഥയെയും കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും എഎസ്‌ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒഡിഷയിലെ ഭുവനേശ്വറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ രത്നഗിരിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഖനനങ്ങള്‍ പുരാതന കാലത്തെ കല, വാസ്തുവിദ്യ, സംസ്‌കാരം എന്നിവയെ കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്നതാണ്. ഒഡീഷയിലെ ഭുവനേശ്വറില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെ രത്നഗിരിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഖനനത്തിനിടെ, വലിയ പുരാവസ്തു ശേഖരം കണ്ടെത്തി. ഇത് പുരാതന കാലത്തെ കല, വാസ്തുവിദ്യ, സംസ്‌കാരം എന്നിവയിലേക്ക് വെളിച്ചം വീശുന്നതാണ്. തെക്കുകിഴക്കന്‍ ഏഷ്യയുമായി അന്ന് ഇന്ത്യയ്ക്ക് ഉണ്ടായി എന്ന് കരുതുന്ന ബന്ധങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്ന തരത്തില്‍ പുരാതന ആരാധനാലയങ്ങള്‍, സ്തൂപങ്ങള്‍, ശില്‍പങ്ങള്‍ എന്നിവ തുറന്നുകാട്ടുന്നതിലാണ് ഖനന ദൗത്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മധ്യകാലഘട്ടത്തിലെ കിഴക്കന്‍ ഇന്ത്യയിലെ വജ്രയാന സന്യാസ സമുച്ചയത്തിന്റെ വികാസത്തിന്റെ തെളിവുകളായും ഈ നിര്‍മിതികളെ എഎസ്‌ഐ വിലയിരുത്തുന്നുണ്ട്.
‘മൂന്ന് ഭീമാകാരമായ ബുദ്ധ ശിരസ്സുകളും മനോഹരമായ ദിവ്യപ്രതിമകളുടെ ശില്‍പ്പങ്ങളും കൂടാതെ, വ്യത്യസ്ത വലുപ്പത്തിലും അളവുകളിലുമുള്ള ഇഷ്ടികയും കല്ലും കൊണ്ട് നിര്‍മ്മിച്ച നൂറുകണക്കിന് ഏകശിലാരൂപത്തിലുള്ള നേര്‍ച്ച സ്തൂപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത് മഹായാന, വജ്രയാന ബുദ്ധമതത്തില്‍ നിന്നുള്ള പരിവര്‍ത്തനത്തെ കാണിക്കുന്നു. കിഴക്കന്‍ ഇന്ത്യയില്‍ നിന്ന് തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക് വജ്രയാനം വ്യാപിച്ചിരുന്നു എന്ന നിഗമനങ്ങളെ കൂടുതല്‍ ബലപ്പെടുത്തുന്നതാണ് ഈ കണ്ടെത്തലുകള്‍’-എഎസ്‌ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.